20 രൂപയ്ക്ക് ഊണൊരുക്കി സുഭിക്ഷ; ദിവസേന ഊണിനെത്തുന്നത് നാന്നൂറോളം പേര്‍

post

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയില്‍ ആരംഭിച്ച സുഭിക്ഷ ഉച്ചഭക്ഷണ ശാലയ്ക്ക് വന്‍ ജനസ്വീകാര്യത. കേവലം 20 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ് ലഭ്യമാക്കുന്ന ഈ ഉച്ചഭക്ഷണശാല പ്രവര്‍ത്തന മികവ് കൊണ്ട് കേരളത്തിന് തന്നെ മാതൃകയാണ്. കേന്ദ്രത്തില്‍ ദിവസവും ഊണു കഴിക്കാനെത്തുന്നത് നാന്നൂറോളം പേരാണ്.സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക സംരംഭമാണ് നാഗരത്തില്‍ ശവക്കോട്ടപ്പാലത്തിനു സമീപം ആലപ്പുഴ നഗരസഭയുടെ വാടക രഹിത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭക്ഷണ ശാല.
പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആവശ്യക്കാര്‍ക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി 201718 സാമ്പത്തിക വര്‍ഷത്തില്‍ സംസഥാന സര്‍ക്കാര്‍ ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതിയാണ് വിശപ്പ് രഹിത കേരളം.ഇതിന്റെ രണ്ടാംഭാഗമായി ആരംഭിച്ചതാണ് സുഭിക്ഷ.അശരണരായ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് വിശപ്പുരഹിത കേരളത്തില്‍ ആദ്യഘട്ടമായി നടപ്പാക്കിയത്. നഗരസഭയും ഇതിനായി കൈകോര്‍ത്തു.
'വിശപ്പിന് വിട ....നാടിന് നിറവ്'എന്ന ആപ്തവാക്യവുമായി ആരംഭിച്ച സുഭിക്ഷ ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന്ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. ഫൈവ് സ്റ്റാര്‍ കുടുംബശ്രീ കൊമ്മാടി, ആലപ്പുഴ യൂണിറ്റാണ് ഭക്ഷണം പാചകം ചെയ്ത്  വിളമ്പുന്നത്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.താലൂക്കില്‍ നിന്നു  ഒരു ജീവനക്കാരന്റെ സേവനം ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ ഉറപ്പു വരുത്തിയിട്ടുണ്ട്. അവധി ദിനങ്ങളില്‍ ഉള്‍പ്പടെ സുഭിക്ഷ 12.30 മുതല്‍ 2.30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നു.അഞ്ചുതരം കറികള്‍ ഉള്‍പ്പടെ സുഭിക്ഷമായ ഊണാണ് ഒരുക്കിയിട്ടുള്ളത്.ഒരു ഊണ് 25 രൂപ നിരക്കില്‍ കുടുംബശ്രീ പാചകം ചെയ്തു നല്‍കുന്നു. ഈ ഊണിനു പൊതുജനങ്ങളില്‍ നിന്നും 20 രൂപ മാത്രമേ ഈടാക്കൂ. ബാക്കി 5 രൂപ മാസം തോറും താലൂക്ക് സപ്ലൈ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നു. കൂടാതെ അഗതികള്‍ക്ക് സൗജന്യ ഊണും ഇവിടെ  നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ തുകയും (25 രൂപ ) സബ്‌സിഡിയായി കുടുംബശ്രീയ്ക്ക് അനുവദിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ (ഇറച്ചി, മീന്‍ ) 30 രൂപ നിരക്കില്‍ കുടുംബശ്രീ സുഭിക്ഷയില്‍ നല്‍കുന്നുണ്ട്.ഓപ്പണ്‍ കിച്ചണ്‍ സംവിധാനവും ശുചിത്വപൂര്‍ണമായ ചുറ്റുപാടും കണിശമായി പാലിച്ചുകൊണ്ടാണ് സുഭിക്ഷയുടെ പ്രവര്‍ത്തനം എന്നതുകൊണ്ടുതന്നെ ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.