സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല: മന്ത്രി പി തിലോത്തമന്‍

post

ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും ഇതിനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ചരക്കുനീക്കത്തിന് ബാധകമാകില്ല. ഏപ്രില്‍ മെയ് മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ് സി ഐയില്‍ നിന്ന് മുന്‍കൂറായി എടുത്തു. ഇത് ശേഖരിക്കാന്‍ കേന്ദ്ര സംസ്ഥാന വെയര്‍ഹൗസിങ് ഗോഡൗണുകള്‍ പോരാതെ വന്നാല്‍ സ്വകാര്യ ഗോഡൗണുകള്‍ ഏറ്റെടുക്കും. കൂടുതല്‍ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ല് മില്ലുകളില്‍നിന്ന് അരിയാക്കി കരുതല്‍ ശേഖരത്തില്‍ സംഭരിക്കും. സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറിലും പീപ്പിള്‍സ് ബസാറുകളിലും അരിയും പലവ്യഞ്ജനങ്ങളും ആവശ്യത്തിനു ലഭ്യമാണ്. സര്‍ക്കാര്‍ അരിയും പലവ്യജ്ഞനങ്ങളും മുന്‍കൂറായി ആവശ്യത്തിന് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.