മഹാമാരികള്‍ പഠിപ്പിക്കുന്നു; അമൂല്യമാണ് ജീവ ജലം

post

മലപ്പുറം : വ്യക്തി ശുചിത്വം ശാസ്ത്രീയമായി പഠിച്ചു പരിശീലിക്കുന്ന കോവിഡ് 19 ഭീഷണിക്കാലത്ത് ശുദ്ധജലത്തിന്റെ അമൂല്യത ഓര്‍മ്മപ്പെടുത്തി ഒരു ജലദിനം കൂടി. വ്യക്തി ശുചിത്വം മഹാമാരികളെ ചെറുക്കുന്നതില്‍ പ്രധാനമാവുമ്പോള്‍ ജലത്തിന്റെ ശുദ്ധതയും ഉറപ്പു വരുത്തേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഈ ലോക ജലദിനം. കോവിഡ് 19 വൈറസ് വ്യാപനത്തിനിടെ ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷത്തിന് ജീവജലത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊതുജനങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും ഇത്തവണത്തെ ലോക ജലദിനത്തിനുണ്ട്.

ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസ് ഇല്ലാതാക്കാന്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ചുള്ള കൈ കഴുകലാണ് മുഖ്യ മാര്‍ഗ്ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാവുന്നു. ജീവിത ശൈലി ആധുനികവത്ക്കരിക്കപ്പെട്ടതോടെ അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതിദത്ത ജലാശയങ്ങള്‍ വീണ്ടെടുക്കാനുള്ള അക്ഷീണ യത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രകൃതിദത്ത ജലാശയങ്ങളുടെ വീണ്ടെടുപ്പിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

വേനല്‍ കനക്കുമ്പോള്‍ വറ്റി വരളുന്ന കിണറുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകള്‍ക്കു മുന്നിലിരുന്നു പരിതപിക്കാതെ ജീവജലം സംരക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനം. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന പൊതു കിണറുകള്‍ക്കും കുളങ്ങള്‍ക്കും അരുവികള്‍ക്കും പുഴകള്‍ക്കുമെല്ലാം നിലനില്‍പ്പുറപ്പാക്കപ്പെടേണ്ടത് നാടിന്റെ ഭാവിക്ക് അത്യാവശ്യമാണ്. ജില്ല അതിജീവിച്ച പ്രളയങ്ങളും ഇത് ഓര്‍മ്മപ്പെടുത്തുന്നു. ഭൗമജല സമ്പത്ത് പരമാവധി സംരക്ഷിക്കാന്‍ കിണര്‍ റീച്ചാര്‍ജ്ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ക്ക് ജനസ്വീകാര്യത ഇപ്പോള്‍ വര്‍ധിക്കുന്നുണ്ട്. ജല മലിനീകരണം തടയുന്നതില്‍ ശക്തമായ ഇടപെടല്‍ നടന്നു വരികയാണ്. ഇതിന് പൂര്‍ണ്ണതയേകാന്‍ ജീവജലം അമൂല്യമാണെന്ന തിരിച്ചറിവാണ് പ്രധാനമെന്ന് ഈ ജലദിനം ഓര്‍മ്മപ്പെടുത്തുന്നു.