ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ജില്ലാ കളക്ടറിന്റെ നേത്യത്വത്തില്‍ സന്ദര്‍ശനം നടത്തി

post

പത്തനംതിട്ട :ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ താമസിപ്പിക്കുന്നതിനായി കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ പിബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എന്‍എച്ച്എം: ഡി.പി.എം ഡോ. എബി സുഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ്, തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. 

അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍വേണ്ട മുന്‍കരുതലെന്ന നിലയിലാണ് ഇത്തരത്തിലുള്ള ക്രമീകരണം നടത്തുന്നത്. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് 250 മുറികള്‍ ലഭ്യമാകും. കൂടുതല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലെ ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റലിലെ 500 മുറികള്‍ നല്‍കാന്‍ തയാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 150 മുറികളുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് വൃത്തിയാക്കി എത്രയും പെട്ടെന്ന് ഐസലേഷന് സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുറികളുടെ ക്രമീകരണം, വെളളത്തിന്റെ ലഭ്യത തുടങ്ങിയ സജ്ജീകരണങ്ങള്‍ സന്ദര്‍ശനത്തില്‍ വിലയിരുത്തി. 

ബിലീവേഴ്‌സ് ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സിജോ പന്തപ്പള്ളി, ബിലിവേഴ്‌സ് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ ഫാ.സി.ബി വില്യംസ്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, റാന്നി തഹസില്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.