മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ : കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു

post

കാസര്‍കോട്: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുവിപണിയില്‍ മാസ്‌കുകള്‍ക്കും അണുനാശിനികള്‍ക്കും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലക്ക് പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാക്കാന്‍ കുടുംബശ്രീ രംഗത്ത്. ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ പ്രതിരോധ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍  പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. രണ്ട്‌ലെയര്‍ മാസ്‌കിന് 12 രൂപയും മൂന്ന്‌ലെയര്‍ മാസ്‌കിന് 16 രൂപയുമാണ് വില. 250 മില്ലിയുടെ ഹാന്‍ഡ് വാഷിന് 60 രൂപയും സാനിറ്റൈസര്‍ 200 മില്ലിക്ക് 130 രൂപയും 100 മില്ലിക്ക് 70 രൂപയുമാണ് വിലയീടാക്കുക. ജില്ലയിലെ എല്ലാ കുടുംബശ്രീ ഓഫീസുകളിലും ഇത് ലഭ്യമാണ്. 40 സി ഡി എ സുകളില്‍ നിന്നായി ദിനംപ്രതി പതിനായിരത്തോളം മാസ്‌കുകളാണ് ഉത്പാദിപ്പിക്കുന്നത്. ചെങ്കള, ചെറുവത്തൂര്‍, കോടോംബേളൂര്‍, നീലേശ്വരം എന്നീ യൂണിറ്റുകളിലാണ് ഹാന്‍ഡ് വാഷും സാനിറ്റൈസറും നിര്‍മിക്കുന്നത്. പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.