തൂവാല വെറുമൊരു തുണിയല്ല

post


തൂവാല വിപ്ലവത്തിന് ആഹ്വാനം ചെയ്ത്  ജില്ലാ ഭരണകൂടം

ആലപ്പുഴ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത്   ജില്ലാഭരണകൂടം.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക്  തുടക്കമായി. കളക്ടറേറ്റില്‍ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേര്‍ന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മന്ത്രി ജി സുധാകരന്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയ്ക്കും  ധനമന്ത്രി തോമസ് ഐസക് മന്ത്രി ജി സുധാകരനും തൂവാലകള്‍ കൈമാറി.   

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി തൂവാലകള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പരമാവധി ആളുകള്‍ക്ക് തൂവാല വിതരണം ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി.ഇതിനാവശ്യമായ തൂവാലകള്‍ സന്നദ്ധരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിക്കുമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.  ഉപയോഗിച്ച മാസ്‌കുകള്‍ ആളുകള്‍ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് കണക്കാക്കുമ്പോള്‍,  തൂവാലകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദവുമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിലൂടെ വായുജന്യരോഗങ്ങള്‍ ഒരു പരിധിവരെ  തടയാന്‍ കഴിയുമെന്ന് ജില്ലാ  മെഡിക്കല്‍ ഓഫീസര്‍  ഡോക്ടര്‍ എല്‍ അനിതകുമാരി പറഞ്ഞു.