കര്‍മ്മ നിരതരായി പോലീസ് സേ

post

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിലും ബോധവല്‍ക്കരണത്തിലും സുപ്രധാന പങ്ക് വഹിച്ച് ഒല്ലൂരിലെ പോലീസ് സേന. ബോധവല്‍ക്കരണം ദിനം പ്രതി ഓരോ വീടുകളിലും നേരിട്ട് ചെന്നാണ് ഇവര്‍ നടത്തുന്നത്. ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 234 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഒല്ലൂരില്‍ 147, നടത്തറ 29, വെട്ടുകാട് 46, ഒല്ലൂക്കര 12, എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. ഈ പ്രദേശത്തുനിന്നും മൂന്നു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനമൈത്രി പോലീസും സംയുക്തമായാണ് ഈ പരിധിയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തി വരുന്നത്.

കുഴിക്കാട്ടുശ്ശേരി, ഒല്ലൂര്‍ സെന്റര്‍, ക്രിസ്റ്റഫര്‍ നഗര്‍ ഓട്ടോ സ്റ്റാന്‍ഡ്, പടവരാട് പള്ളിപ്രവേശം എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിത്വ പരിപാലനത്തെക്കുറിച്ചും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. ഈ പ്രദേശത്തെ ഇരുപതോളം വരുന്ന പള്ളികളില്‍ 50 പേരില്‍ കൂടുതല്‍പേര്‍ കൂടിച്ചേരുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങി നടക്കരുതെന്ന് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈന്റെ ഭാഗമായി ലഘുലേഖകളും ഇവര്‍ വീടുകളില്‍ എത്തിക്കുന്നുണ്ട്.

നിരീക്ഷണത്തിലുള്ള ആളുകള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ അവിടെയെത്തി ശക്തമായ താക്കീത് നല്‍കി ക്വാറന്റൈന്‍ തുടരാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും പോലീസ് നല്‍കുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കുന്നതിനൊപ്പം ഫോണ്‍ വഴിയും ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക്ക് ധരിക്കണമെന്നും ഇടയ്ക്കിടയ്ക്ക് ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നുമുള്ള ബോധവല്‍ക്കരണവും നല്‍കുന്നു. ആളുകള്‍ കൂടുന്നത് തടയുന്നതിന്റെ ഭാഗമായി ഈ പരിധിയില്‍ ആളുകളെ കൂട്ടിയുള്ള വിവാഹമോ മറ്റു ചടങ്ങുകളും നടക്കുന്നില്ല എന്നും അതാത് സമയങ്ങളില്‍ പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നു.