സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

*കാസര്‍കോട്ട് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം :സംസ്ഥാനത്ത് പുതുതായി 12 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട്ട് ആറുപേര്‍ക്കും എറണാകുളത്ത് അഞ്ചുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 37 പേരാണ്.

സംസ്ഥാനത്താകെ 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44,165 പേര്‍ വീടുകളിലാണ്. 225 പേര്‍ ആശുപത്രികളിലാണ്. വെള്ളിയാഴ്ച 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13,632 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. 5570 പേരെ രോഗബാധയില്ലെന്ന് ഉറപ്പാക്കി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 3456 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച 2393 എണ്ണം നെഗറ്റീവാണ്. എറണാകുളത്ത് മൂന്നാറില്‍ നിന്നെത്തിയ വിദേശ ടൂറിസ്റ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട്ട് യു.കെയില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ കണ്ടെത്തിയത്.

കാസര്‍കോട്ട് വിദേശത്ത് നിന്നെത്തിയ വ്യക്തി നിരീക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചരിച്ചതാണ് പുതിയ രോഗബാധകള്‍ക്ക് വഴിവെച്ചത്. ഇദ്ദേഹം കരിപ്പൂരില്‍ വിമാനമിറങ്ങി അവിടെ താമസിച്ച് പിറ്റേന്ന് കോഴിക്കോട് പോയി. അവിടെനിന്ന് ട്രെയിനിനാണ് കാസര്‍കോടേക്ക് പോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയാതെ എല്ലാ പരിപാടികളിലും ഇദ്ദേഹം സംബന്ധിച്ചു. പൊതുപരിപാടികള്‍, ഫുട്‌ബോള്‍ കളി, ക്ലബ്, വീട്ടിലെ ചടങ്ങ് തുടങ്ങിയവയില്‍ പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് കാസര്‍കോട്ട് പ്രത്യേക കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്. ആവര്‍ത്തിച്ച് ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയാലും ചിലര്‍ സന്നദ്ധരാകാത്തതിന്റെ പ്രശ്‌നമാണിത്.

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബ്ബുകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. ഇത്തരത്തില്‍ വലിയ തോതിലുള്ള നിയന്ത്രണം കാസര്‍കോട്ട് വരും.കാസര്‍കോട്ട് രണ്ട് എം.എല്‍.എമാരും നിരീക്ഷണത്തിലായിട്ടുണ്ട്. ഒരാളെ രോഗമുള്ളയാള്‍ ഷേക് ഹാന്‍ഡ് ചെയ്തതും മറ്റെയാളെ കെട്ടിപ്പിടിച്ചതുമാണ് കാരണം.നിയന്ത്രണങ്ങള്‍ സമൂഹത്തില്‍ രോഗം പടരാതിരിക്കാനുള്ള കരുതലാണ്. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തില്‍ നല്ലരീതിയില്‍ ജനങ്ങളെ കുറച്ച് സഹകരിച്ചവരാണ് കൂടുതല്‍.

എന്നാല്‍ ചിലയിടത്ത് സാധാരണനിലയ്ക്ക് നടന്നിട്ടുണ്ട്. പൊതുപരിപാടികളില്‍ രോഗബാധയുള്ള ആരെങ്കിലും വന്നാല്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ പരിമിതപ്പെടുത്തണം എന്നു പറയുന്നത്. ഇതുവരെ അഭ്യര്‍ഥന മാത്രമായിരുന്നു സര്‍ക്കാര്‍ നടത്തിയത്. ഒരുഘട്ടം കടന്നാല്‍ നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കാസര്‍കോട് പ്രത്യേക സാഹചര്യമായതിനാല്‍ പരീക്ഷകള്‍ ഒഴിവാക്കേണ്ടിവന്നതിനാലാണ് സംസ്ഥാനമാകെ പരീക്ഷകള്‍ നിര്‍ത്തിവെച്ചത്.

തദ്ദേശസ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസന്‍സ് അടക്കമുള്ളവ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഏപ്രില്‍ 30 ആയി ദീര്‍ഘിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.റവന്യൂ റിക്കവറി നടപടികളെല്ലാം ഏപ്രില്‍ 30 വരെ നീട്ടി. 22 സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ 4400 സിംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്ററുകളാക്കാന്‍ അവര്‍ സമ്മതിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

രോഗപരിശോധനകള്‍ എങ്ങനെ വേഗത്തിലാക്കാം എന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മാസ്‌ക്, ഗ്‌ളൗസ്, സാനിറ്റൈസര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയവ ആവശ്യമായ തോതില്‍ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്ത് വ്യവസായ വകുപ്പ് ഫലപ്രദമായ സംവിധാനം രൂപം നല്‍കാന്‍ നിര്‍ദേശിച്ചു.കൊറോണ കെയര്‍ സെന്റര്‍ സ്ഥാപിക്കാന്‍ എടുക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ കുറച്ചുപേരുടെ വീടുകളില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ പ്രത്യേകമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കും.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്കും മറ്റും പ്രശ്‌നങ്ങളുള്ളവര്‍ക്ക് തദ്ദേശവകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് പാകം ചെയ്ത ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും.രോഗം വ്യാപിക്കുന്ന ഘട്ടമുണ്ടായാല്‍ ആവശ്യമായ ചിട്ടകള്‍ ദുരന്ത പ്രതികരണ സമിതി രൂപപ്പെടുത്തും.തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നതില്‍ വിലക്കില്ല എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പരിശോധന ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

വ്യവസായ പാര്‍ക്ക്, മത്സ്യസംസ്‌കരണ ശാലകള്‍, ടെക്സ്റ്റയില്‍ ഫാക്ടറികള്‍ തുടങ്ങി ഒരുപാട് പേര്‍ ജോലി ചെയ്യുന്നിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും ശക്തമായി പാലിക്കണം. പാലിച്ചില്ലെങ്കില്‍ ഇടപെടലുണ്ടാകും.സ്‌കൂള്‍, കോളേജ് അധ്യാപകര്‍ ഈമാസം ഇനിയുള്ള ദിവസങ്ങളില്‍ ഹാജരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനോട് സഹകരിക്കും. ഈ ദിനത്തില്‍ സര്‍ക്കാരിന്റെ കെ.എസ്.ആര്‍.ടി.സി, മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഓടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ന് വീടുകളില്‍ കഴിയുമ്പോള്‍ എല്ലാവരും അവരവരുടെ വീടും പരിസരവും ശുചിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.