ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കും: എം എം മണി

post

ഇടുക്കി: കരുണാപുരം പഞ്ചായത്തിലെ ഭവന രഹിതര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും, ഐ.എസ്.ഒ. പ്രഖ്യാപനവും, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും വൈദ്യുതി മന്ത്രി എം. എം. മണി നിര്‍വഹിച്ചു. വീടില്ലാത്തവര്‍ക്ക് വീട് എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്, അത് മികച്ച രീതിയില്‍ നടപ്പാക്കി വരുകയാണ്; കൃത്യമായ വികസന കാഴ്ചപ്പാടുകളുള്ള സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിച്ച് നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കരുണാപുരം പഞ്ചായത്തില്‍ ഗവണ്‍മെന്റ് ഐ.ടി.ഐ. അനുവദിക്കുമെന്നും ഇതിനായി പഞ്ചായത്ത് അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നവീകരിച്ച ഓഫീസ് ക്യാബിനുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കലും, കമ്മിറ്റി ഹാളിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസും നിര്‍വഹിച്ചു.

ലൈഫ് പദ്ധതിയില്‍ പഞ്ചായത്തിന് അനുവദിച്ച 277 വീടുകളില്‍ 202 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. ബാക്കിയുള്ള  വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയതിനും ഐ.എസ്.ഒ. അംഗീകാരം ലഭിച്ച പഞ്ചായത്തിനെ ഐ.എസ്.ഒ. പഞ്ചായത്തായും മന്ത്രി പ്രഖ്യാപിച്ചു. നവീകരിച്ച ഓഫീസ് മന്ദിരത്തില്‍ കുടിവെള്ളം, ടി.വി., ദിനപത്രങ്ങള്‍, ഇരിപ്പിടങ്ങള്‍, ഫീഡിങ് റൂം, പഞ്ചായത്ത് കമ്മിറ്റി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് ക്യാബിനുകള്‍, റെക്കോഡ് റൂം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെസിമോള്‍ കുര്യന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ മോളി മൈക്കിള്‍, ജി. ഗോപികൃഷ്ണന്‍, ശിവപ്രസാദ് തണ്ണിപ്പാറ, വിജി ഷാജി, നിര്‍മല നന്ദകുമാര്‍, എം. എ. സിദ്ദീഖ്, ബിജു തകിടിയേല്‍, സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.