കൊറോണ കാലത്തെ അജാനൂര്‍ മാതൃകയറിയാം: ഓരോ വാര്‍ഡിലും പ്രതിരോധ കമ്മിറ്റികള്‍

post

കാസര്‍കോട്: ജനതയുടെ ആരോഗ്യമാണ് നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകമെന്ന തിരിച്ചറിവില്‍ സമഗ്രമായ ആരോഗ്യ പദ്ധതികളാണ് അജാനൂര്‍ പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്. മാരക പകര്‍ച്ച വ്യാധി ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ്  പഞ്ചായത്ത് കടുത്ത ജാഗ്രത പുലര്‍ത്തുന്നത്. പഞ്ചായത്ത് പരിധിയിലെ വാര്‍ഡുകളിലെല്ലാം സാനിറ്റേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ഒന്‍പതു പേരടങ്ങുന്ന കമ്മിറ്റിയില്‍ പഞ്ചായത്തില്‍ നടത്തേണ്ട കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നു. ഓരോ വാര്‍ഡിലും സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ക്യത്യമായ നിര്‍ദ്ദേശങ്ങളിലൂടെ നടപ്പാക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ പറഞ്ഞു.

പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ അജാനൂര്‍, ആനന്ദാശ്രമം എന്നിവിടങ്ങളിലും ആരോഗ്യ സബ് സെന്ററുകളായ കൊളവയല്‍, അതിഞ്ഞാല്‍, മടിയന്‍, വെള്ളിക്കോത്ത്, രാവണേശ്വരം എന്നിവിടങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ക്ലാസുകളും യോഗങ്ങളും നടക്കുന്നുണ്ട്.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ പഞ്ചായത്ത് അധികൃതരെ നേരത്തേ വിളിച്ച് അനുവദി വാങ്ങണമെന്നുമുള്ള സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. തൊഴിലുറപ്പ് പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താല്‍ക്കാലികമായി അവധി നല്‍കി.

ഭിന്നശേഷിക്കാരും രോഗികളുമായുള്ള മുഴുവന്‍ ആളുകളുടേയും സംരക്ഷണത്തിനായി വലിയ ജാഗ്രതയാണ് പഞ്ചായത്ത് പുലര്‍ത്തുന്നത്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പകര്‍ച്ച വ്യാധിക്കെതിരെ വലിയ പ്രതിരോധമാണ് ഇവിടെ നടക്കുന്നത്. കൈകള്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാനും വ്യക്തി ശുചിത്വം പാലിക്കാനും വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ ദിശയുമായി ബന്ധപ്പെടമെന്നുമുള്ള വിവിധ നിര്‍ദേശങ്ങള്‍ പഞ്ചായത്തില്‍ നടത്തി വരികയാണ്.