ലഹരിക്കെതിരെ ബോധവത്ക്കരണമാണ് പ്രയോഗികം: മന്ത്രി എം എം മണി

post

അടിമാലി: ലഹരിക്കെതിരെ പോരാടാന്‍ ബോധവത്ക്കരണം നടത്തുകയാണ് പ്രയോഗികമായ നടപടിയെന്നും പൂര്‍ണമായ മദ്യനിരോധനം പരാജയമാണെന്നും മന്ത്രി എം എം മണി. കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെയും  ആഭിമുഖ്യത്തില്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന സന്ദേശവുമായി 90 ദിവസത്തെ തീവ്ര ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് അടിമാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ നിരോധനങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും  യുവാക്കളേയും

ബോധവത്ക്കരണത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങള്‍ മനസിലാക്കിപ്പിക്കണം, പൊതുജനങ്ങള്‍ ഒത്തൊരുമയോടെ ഇതിനായി സഹകരിക്കണമെന്നും മന്ത്രി  ഉദ്ഘാടന വേദിയില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളിലും യുവാക്കളിലുമടക്കം മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ്  90 ദിവസത്തെ ബോധവത്ക്കരണ പരിപാടി നടത്തുന്നത്.2020 ത് ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന തീവ്ര ബോധവത്ക്കരണ യജ്ഞത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ജാഥകള്‍ ,സൈക്ലത്തോണ്‍ ,വാക്കത്തോണ്‍, ബൈക്കത്തോണ്‍, കൂട്ടയോട്ടം, റാലികള്‍, മനുഷ്യച്ചങ്ങല എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ 40,075 കിലോമീറ്റര്‍ ദൂരം പര്യടനം പൂര്‍ത്തിയാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍  തുടങ്ങിയവര്‍ അണിനിരന്ന വിളംബര ഘോഷയാത്രയോടെയാണ്  പരിപാടിക്ക് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിന്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി. പ്രദീപ് സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനയ രാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇടുക്കി വിമുക്തി ജില്ലാ മാനേജര്‍ മുഹമ്മദ് ന്യൂമാന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, വൈസ് പ്രസിഡന്റ് എം പി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.