കോവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകളില്ല

post

ജാഗ്രത തുടരണം, ചികിത്സാസൗകര്യം വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25,603 ആണ്. അതില്‍ 25,366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. ബുധനാഴ്ച 57 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7,861 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4,622 പേരെ രോഗബാധയില്ലാത്തതിനാല്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയ്ക്കയച്ച 2,550 സാമ്പിളുകളില്‍ 2,140 പേരുടെ ഫലം ലഭിച്ചതില്‍ രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും സംതൃപ്തി രേഖപ്പെടുത്തിയത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. ജാഗ്രത തുടരുന്നതിനൊപ്പം, ജനജീവിതം സാധാരണ നിലയില്‍ തുടരാനാകണം. എന്നാല്‍ അണുബാധ വര്‍ധിക്കാനുള്ള സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൈാള്ളും. കൂടുതല്‍ ആളുകള്‍ പരിശോധനയ്ക്ക് തയാറാകണം. ഇതിനായി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ടുവരെ നിലവില്‍ ഒ.പി. സൗകര്യമുണ്ട്. ഇതിനൊപ്പം എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വൈകിട്ട് വരെ ഒ.പി. സൗകര്യം ഒരുക്കും. ഇതിനായി ഒരു ഡോക്ടറെ കൂടി പ്രകാദേശികമായി അവിടങ്ങളില്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തും. തയാറെടുപ്പുകള്‍ നടക്കേണ്ടത് കൂടുതല്‍ പ്രാദേശിക തലത്തിലായതിനാല്‍ വ്യാഴാഴ്ച തദ്ദേശസ്ഥാപന പ്രതിനിധികളുമായി പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ ആശയവിനിമയം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെയാകും തത്സമയ ആശയവിനിമയം. ഓരോ പ്രദേശങ്ങളിലെയും വ്യത്യസ്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഇതില്‍ പങ്കെടുക്കും. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ സ്വയം ഇറങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത വേണം. വീടുകളില്‍ കഴിയുന്നവര്‍ തങ്ങളുടേയും സാമൂഹത്തിന്റെയും രക്ഷയെക്കരുതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാ പിന്തുണയും മതസാമുദായിക നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുധാരയോട് ചേര്‍ന്നുനില്‍ക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വിവിധ മതവിഭാഗങ്ങള്‍ ഇതിനകം തന്നെ പങ്കെടുക്കുന്ന ആളുകളെ പരിമിതപ്പെടുത്തി മാതൃകാപരമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകള്‍ പോകുന്നത് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വലിയതോതില്‍ കുറയ്ക്കണം. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കളക്ടര്‍മാരും എസ്പിമാരും പൊതുനില പാലിക്കാന്‍ സമുദായനേതാക്കളുമായി ബന്ധപ്പെട്ട് പ്രേരിപ്പിക്കണം.

കേരളത്തില്‍ ആരോഗ്യ വോളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴുള്ള കാര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. എന്നാല്‍ മോശമായ അന്തരീക്ഷമുണ്ടായാല്‍ നേരിടാന്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ആവശ്യമാണ്. ഇതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സേവനം വേണം. വിരമിച്ചവരുടെ സേവനവും സഹകരണവും ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാരുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയാറാക്കുന്നുണ്ട്.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ മാറ്റിവെക്കേണ്ടിവന്നപ്പോള്‍ ചില ഓഡിറ്റോറിയങ്ങള്‍ തുക തിരിച്ചുനല്‍കാത്തത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ നാടിന്റെ സാഹചര്യം മനസിലാക്കി പണം തിരിച്ചുനല്‍കുന്നതിന് ആവശ്യമായ ഇടപെടല്‍ ജില്ലാ ഭരണകൂടം നടത്തണം.

എല്ലാ ജില്ലകളിലും കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനൊപ്പം ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും സൗകരങ്ങള്‍ ഉപയോഗപ്പെടുത്താനാകണം. ചില ലോഡ്ജുടമകള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പല ഹോട്ടല്‍ ശൃംഖലകളും ഇത്തരം ആവശ്യങ്ങള്‍ക്ക് ഹോട്ടല്‍ വിട്ടുനല്‍കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍ ക്ഷാമം തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 

പൊതുവിദ്യാഭ്യാസവകുപ്പ് 'സമഗ്ര' വിഭവ പോര്‍ട്ടലിലൂടെ 81,000 അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കി അക്കാദമിക രംഗത്തെ ഇടപെടല്‍ സജീവമായി തുടരുന്നത് മാതൃകാപരമാണ്. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണം. ഓണ്‍ലൈനായി ഹോം ഡെലിവറിയിലൂടെ സാധനങ്ങള്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം, വീടുകളില്‍ വിതരണത്തിന് പോകുന്നവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

കടകളില്‍ കാര്‍ഡ് പേമെന്റിന് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ക്കൊപ്പം സാനിറ്റൈസര്‍ നിര്‍ബന്ധമായി വയ്ക്കണം. എടിഎമ്മുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൃത്യമായ ബോധവത്കരണം വേണം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് ജില്ലതോറും പരിശീലന സൗകര്യമൊരുക്കും. ആദിവാസി മേഖലകളില്‍ രോഗം പടരാതിരിക്കാന്‍ ഫലപ്രദമായ ഇടപെടലിന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് പുസ്തങ്ങള്‍ ലഭ്യമാക്കുന്നത് അവര്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഡിസി ബുക്ക്‌സ് ഇതിന് സഹകരിക്കുന്നുണ്ട്. ഇത് മറ്റുള്ളിടത്തും അവലംബിക്കാവുന്നതാണ്. 

പനിയോ ചുമയോ ആയി വന്നാലുടന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുന്ന ചില സ്വകാര്യ ആശുപത്രികളുടെ നിലപാട് മാതൃകാപരമല്ല. ഇക്കാര്യം തിരുത്താന്‍ നടപടി സ്വീകരിക്കാന്‍ ഐഎംഎയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കോളേജുകളിലെ മൂല്യനിര്‍ണയ ക്യാമ്പും എസ്എസ്എല്‍സി മൂല്യനിര്‍ണയവും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സാ സൗകര്യത്തിന് വിപുലമായ കെട്ടിടങ്ങള്‍ ആവശ്യം വന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭാഗമായ കെട്ടിടങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സംബന്ധിച്ചു.