മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടമൊഴിവാക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മതസാമുദായിക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം മതനേതാക്കള്‍ക്ക് മുമ്പില്‍ വെച്ചത്.
ജില്ലാ കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ 14 ജില്ലകളിലും മതനേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വലിയ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തോതിലുള്ള കേന്ദ്രീകരണം ഒഴിവാക്കാന്‍ കഴിഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാരുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
സമൂഹമാകെ ഗുരുതരമായ ആരോഗ്യ സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതലുകള്‍ എടുക്കുകയും അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കേരളത്തില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ ഏതുഘട്ടത്തിലും അപകടകരമായ സാഹചര്യത്തിലേക്ക് പോകാം. രോഗം പടര്‍ന്നാല്‍ വലിയ ആപത്തായിരിക്കും. അതീവ ജാഗ്രതയിലൂടെ മാത്രമേ ഈ സ്ഥിതി ഒഴിവാക്കാന്‍ കഴിയൂ.
മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാര്‍ഥന, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച നടക്കുന്ന കുര്‍ബാന എന്നിവയിലും ആളുകള്‍ ധാരാളമായി പങ്കെടുക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ക്ഷേത്രോത്സവങ്ങള്‍ നടക്കുന്ന കാലമാണിത്. പലയിടത്തും പൊങ്കാല നടക്കുന്നുണ്ട്. അവയെല്ലാം നിയന്ത്രിക്കണം. മതപരമായ ചടങ്ങുകള്‍ മാത്രമാക്കി ഇത്തരം ഉത്സവങ്ങളും പ്രാര്‍ഥനകളും പരിമിതപ്പെടുത്തണം. പത്തനംതിട്ടയില്‍ മതനേതാക്കളുമായി ആലോചിച്ച് ഉണ്ടാക്കിയ ധാരണ ഇക്കാര്യത്തില്‍ മാതൃകാപരമാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ 10 പേരിലധികം വെണ്ടെന്നാണ് അവിടെ തീരുമാനിച്ചത്. സമൂഹത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മതനേതാക്കളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 
സര്‍ക്കാര്‍ എടുക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് മതനേതാക്കള്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഇപ്പോള്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മദ്രസകളില്‍ പരിക്ഷ മാത്രമേ നടക്കുന്നുള്ളൂ. വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. ടി. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.