മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം

post

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആളുകള്‍ കൂടുന്ന മതപരമായ ചടങ്ങുകള്‍ മാര്‍ച്ച് 31 വരെ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസാമുദായിക അധ്യക്ഷന്‍മാരുടെ യോഗം ആഹ്വാനം ചെയ്തു. ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയുള്ള ചടങ്ങുകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. മുന്‍കരുതലിന്റെ ഭാഗമായി സ്വഭവനങ്ങളില്‍ പ്രാര്‍ത്ഥന, പൂജ, നിസ്‌കാരം എന്നിവ ചെയ്യാന്‍ ശ്രദ്ധിക്കുക. വിവാഹ ചടങ്ങുകളില്‍ ഏറ്റവും അടുത്ത സ്വന്തക്കാര്‍ മാത്രം പങ്കെടുക്കുകയും, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂട്ടം കൂടാതെ പരസ്പര സമ്പര്‍ക്കം പരമാവധി ഒഴിവാക്കേണ്ടതുമാണെന്നും കളക്ടര്‍ അറിയിച്ചു.  മതപരമായ ആഘോഷം, ധ്യാനം, കൂട്ടായ്മകള്‍, പൊതു ചടങ്ങുകള്‍, സമ്മേളനങ്ങള്‍ എന്നിവ ഒഴിവാക്കണം. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൈകള്‍ പലതവണ കഴുകുന്നതുള്‍പ്പെടെ വ്യക്തി ശുചിത്വം നിര്‍ബന്ധമായും പാലിക്കണം.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി. കെ. മധു, എഡിഎം ആന്റണി സ്‌കറിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, വിവിധ മതമേലധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.