ഭിന്നശേഷിക്കാര്‍ക്ക് കരുത്തും കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

post

ഇടുക്കി :  ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്  മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന്  പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല  നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു  കമ്യുണിറ്റി ഹാളില്‍ നടത്തിയ  ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ പദ്ധതി 'ശുഭയാത്ര'യുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകുല്യങ്ങള്‍, സഹായ ഉപകരണങ്ങള്‍,
പുനരധിവാസ സംരംഭങ്ങള്‍ എന്നിവക്കൊപ്പം പി.എസ്.സി നിയമനങ്ങള്‍ക്ക്  4 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സമൂഹവും സര്‍ക്കാറും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ നിന്ന്  369 പേര്‍ക്കാണ് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.   മാര്‍ച്ച് രണ്ടിന് നടത്തിയ പരിശോധനാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗുണഭോക്താക്കള്‍. മൂന്ന്ചക്ര സ്‌കൂട്ടര്‍, മോട്ടോറൈസ്ഡ് വീല്‍ചെയര്‍,  ഓര്‍ത്തോ കിറ്റുകള്‍, ചക്രകസേരകള്‍, ശ്രവണ സഹായി, ഊന്നുവടി എന്നിങ്ങനെ 40 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.      നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍, മോളി മൈക്കിള്‍,  വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി എന്‍ വിജയന്‍, നെടുങ്കണ്ടം താലൂക്ക്   ആശുപത്രി വികസന സമിതി അംഗം ടി.എം ജോണ്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ എസ്. മനോജ് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി കെ.മൊയ്തീന്‍ കുട്ടി, നെടുംങ്കണ്ടം സി.ഡി.പി.ഒ ഗീത എം.ജി, ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.