കൊവിഡ് 19 പ്രതിരോധം : ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പാദനം ഇരട്ടിയാക്കി കെ എസ് ഡി പി

post

തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പാദനം ഇരട്ടിയാക്കി. ഒപ്പം വിതരണ സംവിധാനവും സജീവമാക്കി. സാനിറ്റൈസര്‍ കുപ്പികളില്‍ നിറയ്ക്കുന്നതിന് പുതിയ ഫില്ലിങ്ങ് യന്ത്രം എത്തിച്ചു. ആദ്യം സാധാരണ കുപ്പികളിലായിരുന്നു വിതരണം. ഇപ്പോള്‍, ഡ്രോപ്പറോടു കൂടിയ കുപ്പി ഉപയോഗിക്കാന്‍ തുടങ്ങി. അര ലിറ്ററിന്റെ 6500 ബോട്ടില്‍ സാനിറ്റൈസര്‍ ഇതിനകം വിതരണം ചെയ്തു. ഉല്‍പ്പാദനം ഇനിയും വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പുതിയതായി ഒരു ഫില്ലിങ്ങ് മെഷീന്‍ കൂടി എത്തിക്കും. 

അസംസ്‌കൃത വസ്തുക്കളുടെ കുറവ് പരിഹരിക്കാന്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് സ്പിരിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ നിലവാരമുള്ള ഉല്‍പ്പന്നമാണ്. നിലവിലെ ഫോര്‍മുലക്കൊപ്പം കാര്യക്ഷമമായ മറ്റൊരു ഫോര്‍മുലയില്‍ കൂടി സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കെഎസ്ഡിപി. പൊതു വിപണിയില്‍ 100 മില്ലി ലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെ വില ഈടാക്കുന്നുണ്ട്. എന്നാല്‍, കെ എസ് ഡി പിയുടെ അര ലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് 125 രൂപ മാത്രമാണ് വില. ഉല്‍പ്പാദനച്ചെലവ് മാത്രമാണ് ഈടാക്കുന്നത്.  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാന്‍ ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറാണ് തയ്യാറാക്കിയത്. വാണിജ്യ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങുന്നതുംകെ എസ് ഡി പി യുടെ  പരിഗണനയിലുണ്ട്.