കൊറോണ; ഭയം വേണ്ട ജാഗ്രത മതി: ജില്ലാ കളക്ടര്‍

post

ജില്ലയിലെ ബീച്ചുകളിലും ഷോപ്പിംഗ് മാളുകളിലും സന്ദര്‍ശന വിലക്ക്

റിസോര്‍ട്ടുകളിലുള്ള ടൂറിസ്റ്റുകളെ പുറത്തേക്കയക്കരുത്

തിരുവനന്തപുരം : ജില്ലയില്‍ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ ബീച്ചുകളും ഷോപ്പിംഗ് മാളുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. കൂടുതല്‍ ആളുകള്‍ എത്താനിടയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഫലപ്രദമായ പ്രതിരോധത്തിനായി ആള്‍ക്കൂട്ടങ്ങളും യാത്രകളും പരമാവധി ഒഴിവാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുറത്തേക്കു വിടാതെ അവിടെ തന്നെ താമസിപ്പിക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

രോഗബാധിതനായ ഇറ്റലി സ്വദേശി സഞ്ചരിച്ച വഴികളും ഇടപഴകാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങളും ശേഖരിച്ചുവരുന്നു. നിലവില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കൊറോണ രോഗലക്ഷണങ്ങളുള്ളവര്‍ ഒരുകാരണവശാലും പൊതു ഗതാഗതം ഉപയോഗിക്കരുത്. പകരം ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം തേടണം. ഹോം കോറന്റൈനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടില്ലെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അതേസമയം വര്‍ക്കലയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി എ.ഡി.എം വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എത്രയും വേഗം പ്രസിദ്ധീകരിക്കും. വര്‍ക്കലയില്‍ വിവിധ റിസോര്‍ട്ടുകളിലുള്ള വിദേശികളെ ഹോം കോറന്റൈനില്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും എ.ഡി.എം പറഞ്ഞു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ജോയ് എം.എല്‍.എ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.