കോവിഡ് 19 പ്രതിരോധം: ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തം ഇങ്ങനെ

post

പാലക്കാട് : കോറിഡ് 19 രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. 

ജനപ്രതിനിധികള്‍

രോഗബാധിത വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കൃത്യമായി ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്ന് അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇവര്‍ ഹോം ക്വാറന്റൈനില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണെന്നും പൊതുജനസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും ഉറപ്പാക്കേണ്ടതാണ്. കൂടാതെ, ആവശ്യമായ സമയങ്ങളില്‍ ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എത്തിക്കുന്നതിനുള്ള സഹായവും പിന്തുണയും നല്‍കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പ്രതിനിധികള്‍

കോറിഡ് 19 രോഗബാധ പ്രതിരോധം മികച്ച രീതിയില്‍ നടപ്പാക്കാന്‍ പൊതുയിടങ്ങളിലെ കൂട്ടായ്മകള്‍, മേളകള്‍, ക്യാമ്പുകള്‍, ഉത്സവങ്ങള്‍ എന്നിവയ്ക്ക് അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. കൂടാതെ, വ്യക്തിശുചിത്വം സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നു.

മൃഗസംരക്ഷണം

വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്ലെന്ന നിലയില്‍ വളര്‍ത്തുമൃഗങ്ങളില്‍ രോഗബാധയുണ്ടെയെന്ന നിരീക്ഷണം മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസം

സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ട് സ്‌കൂള്‍, കോളെജ് എന്നിവയ്ക്ക് നല്‍കിയ അവധി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഒഴികെയുള്ള പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. വീടുകളിലെ ട്യൂഷന്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങി യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും ഈ സാഹചര്യത്തില്‍ നടക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്. നിലവില്‍ ജില്ലയില്‍ ഹോം ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്ക് സുഗമമായി പരീക്ഷ എഴുതാന്‍ ആവശ്യമായ സാഹചര്യവും സഹായവും വിദ്യാഭ്യാസ വകുപ്പ് ചെയ്തുവരുന്നു. അതോടൊപ്പം കുട്ടികളില്‍ വ്യക്തിശുചിത്വം ശീലമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവത്ക്കരണം നടത്തുന്നുണ്ട്.

തൊഴില്‍ വകുപ്പ്

ജില്ലയിലെ അതിഥി തൊഴിലാളികളുടെ നിരീക്ഷണം, വിവരശേഖരണം, ക്രോഡീകരണം എന്നിവ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി തുടരുന്നു.

ടൂറിസം

ജില്ലയിലെത്തിയ വിദേശികളുടെയും ഇതര രാജ്യങ്ങളില്‍ നിന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ വിവരശേഖരണം ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. വിവിധ ടൂറിസറ്റ് പ്രദേശങ്ങളിലെ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്ക് ബോധവത്കരണവും ഇതോടൊപ്പം നടപ്പാക്കുന്നു. രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ മിക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റെയില്‍വേ

അന്തര്‍സംസ്ഥാന യാത്രികര്‍ ഏറെ വരാനിടയുള്ള റെയില്‍വേ സ്റ്റേഷനില്‍ കോറിഡ് 19 സംബന്ധിച്ച് നിരന്തരമായി അനൗണ്‍സ്‌മെന്റിലൂടെ വിവരം അറിയിക്കാനുള്ള സൗകര്യം റെയില്‍വേയുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ ആവശ്യത്തിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പല ഭാഷകളിലുള്ള പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവയും വിതരണം ചെയ്യുന്നു. പ്രത്യേക വിവരം ലഭിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനെ അറിയിക്കുന്നതാണ്. 

പൊലീസ്

അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധനയും അടിയന്തര ഘട്ടങ്ങളില്‍ ഹോം ക്വാറന്റൈന്‍ ഉറപ്പാക്കുന്നതിനും പൊലീസ് നേതൃത്വം നല്‍കിവരുന്നു.