കോവിഡ് 19 : അവധി ദിവസങ്ങളിലും ജാഗ്രതയോടെ ജില്ലാ കണ്‍ട്രോള്‍ റൂം

post

മലപ്പുറം : കോവിഡ് 19 വൈറസിനെതിരെ അവധി ദിവസങ്ങളിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആരോഗ്യ വകുപ്പില്‍ സജ്ജീകരിച്ച ജില്ലാതല കണ്‍ട്രോള്‍ റൂം. ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതീവ ജാഗ്രതാ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇവര്‍. അവധി ദിവസമായ ഇന്നലെ(മാര്‍ച്ച് 14) മുപ്പതിലധികം ജീവനക്കാരാണ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ സജീവമായി പ്രവര്‍ത്തിച്ചത്. നിലയ്ക്കാതെ മുഴങ്ങുന്ന ഫോണ്‍കോളുകള്‍ വഴി വന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കാന്‍ അഞ്ച്  ജീവനക്കാരാണുള്ളത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന്  വന്നവരുടെ വിവരം മുതല്‍ വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍ തുടങ്ങി കൊറോണ വൈറസ് സംബന്ധമായ എല്ലാ കാര്യങ്ങളുടെയും ഏകോപനം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്നുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാനായി ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായാണ് പ്രവര്‍ത്തനം. ഓരോ കമ്മിറ്റിക്കും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

കൊറോണ വൈറസ് നിരീക്ഷണത്തിനായുള്ള സര്‍വയലന്‍സ് ടീം, കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തുന്നതിനുള്ള എച്ച്.ആര്‍. മാനേജ്‌മെന്റ്, മതിയായ സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാനായി മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, എല്ലായിടത്തും ആവശ്യത്തിന് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, രോഗികളെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാനുമായി ട്രാന്‍സ്‌പോട്ടേഷന്‍ ടീം, മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ഏകോപനത്തിന് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ആന്റ് കോഓര്‍ഡിനേഷന്‍ ടീം, സര്‍ക്കാര്‍സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ടീം,  പല സ്ഥലങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ സ്വരൂപിക്കാനായുള്ള ഡേറ്റ മാനേജ്‌മെന്റ് ടീം എന്നിങ്ങനെ ഗ്രൂപ്പുകളായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമിന്റെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കി ആശ്വാസവാക്കുകളും ആത്മധൈര്യവും നല്‍കാനും ടീം സജ്ജമാണ്. ഓരോ ദിവസവും ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലയിലെ കൊറോണ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്നത്. കൂടാതെ ആരോഗ്യബ്ലോക്കുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ഓരോ ഇടവേളകളിലും അറിയുന്നതിനായി  വീഡിയോ കോണ്‍ഫറന്‍സ്  സംവിധാനവും കണ്‍ട്രോള്‍ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്.

വീടുകളിലുള്ളവരെ വിളിച്ച് അവര്‍ക്ക് പ്രത്യേകം  കൗണ്‍സിലിങ് നല്‍കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്നു. നിലവിലുള്ള രണ്ടു നമ്പറുകള്‍ കൂടാതെ പുതിയ മൂന്നു നമ്പറുകളുടെ സേവനം കൂടി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്.

കോറണയുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിന് ഈ അഞ്ച് നമ്പറുകളിലും ബന്ധപ്പെടാം

04832737858 ,

04832737857,

04832733251,

04832733252,

04832733253.