കോവിഡ് 19 : കേള്‍വി പരിമിതര്‍ക്കായി ആംഗ്യ ഭാഷയില്‍ വീഡിയോയുമായി സര്‍ക്കാര്‍

post

മുഖ്യമന്ത്രിയുടെയും കേരള ഗവണ്‍മെന്റിന്റെയും ഫേസ്ബുക്ക് പേജിലും

തിരുവനന്തപുരം : കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേള്‍വി പരിമിതിയുള്ളവര്‍ക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേള്‍വി പരിമിതിയുള്ളവര്‍ക്ക് കോവിഡ് 19 സംബന്ധിച്ച വിവരങ്ങളും അറിയിപ്പുകളും കൃത്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് വീഡിയോ തയ്യാറാക്കിയത്. നാലു വീഡിയോകളാണ് നിര്‍മിച്ചത്.

കോവിഡ് 19 രോഗത്തിനെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍, വിദേശത്തു നിന്നെത്തുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോകള്‍ പുറത്തിറക്കിയത്. കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേള്‍വി പരിമിതര്‍ക്കായി വീഡിയോകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കിടയില്‍ വ്യാജ സന്ദേശം എത്തുന്നത് സംബന്ധിച്ച് വാര്‍ത്തകളുമുണ്ടായിരുന്നു. വ്യാജപ്രചരണങ്ങള്‍ക്കെതിരായ അറിയിപ്പും വീഡിയോയിലുണ്ട്. ആംഗ്യ ഭാഷയ്‌ക്കൊപ്പം ശബ്ദവിവരണവും സ്‌ക്രോളും വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 വിവരങ്ങള്‍ക്കായുള്ള കോള്‍ സെന്റര്‍, കണ്‍ട്രോള്‍ റൂം നമ്പരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആംഗ്യഭാഷ പരിഭാഷകന്‍ വിനയചന്ദ്രന്റെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കുന്നതെങ്ങനെ, കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം, രോഗം ബാധിച്ചതായി സംശയമുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, രോഗലക്ഷണങ്ങള്‍, ചികിത്സ എന്നീ വിവരങ്ങള്‍ വിശദമായി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോകള്‍ പ്രചരിപ്പിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ നല്‍കിയിട്ടുണ്ട്. പി. ആര്‍. ഡി വെബ്‌സൈറ്റ്, കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ്, കേരള സര്‍ക്കാരിന്റെ ന്യൂസ് പോര്‍ട്ടല്‍, യുട്യൂബ് ചാനല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുടെ ഫേസ്ബുക്ക് പേജുകള്‍ എന്നിവയിലൂടെയും വീഡിയോ പരമാവധി പേരിലെത്തിക്കും. ആള്‍ കേരള അസോസിയേഷന്‍ ഓഫ് ഡെഫ് തുടങ്ങിയ സംഘടനകളും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

വീഡിയോ കാണാം

https://www.facebook.com/CMOKerala/videos/696964151045625/

https://www.facebook.com/CMOKerala/videos/210167813538244/

https://www.facebook.com/CMOKerala/videos/628142724708506/

https://www.facebook.com/CMOKerala/videos/1335844833282532/