കോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുള്ള ആവശ്യക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : കോവിഡ് 19 വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്, ആവശ്യമെങ്കില്‍ സപ്ലൈകോ വഴി ഭക്ഷണസാധനങ്ങള്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് . വാട്ടര്‍ അതോറിട്ടി വഴി കുടിവെള്ളവും എത്തിക്കും. നിലവില്‍ ജില്ലയില്‍ 25 പഞ്ചായത്തുകളിലാണ് 900ത്തോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണിവര്‍. നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും അല്ലാത്തവര്‍ 14 ദിവസവുമാണ് വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടത്.
കളക്ടറേറ്റിലെ 60 പേര്‍ അടങ്ങുന്ന കോള്‍ സെന്ററില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീടുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും എത്തിക്കുന്നത്. കോള്‍ സെന്ററില്‍ നിന്ന് ദിവസവും ഇവരുമായി ടെലഫോണ്‍ വഴി ബന്ധപ്പെടും. കോള്‍ സെന്ററിലെ പ്രവര്‍ത്തകരുടെ പ്രധാന ചുമതല വീടുകളില്‍ കഴിയേണ്ടവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ചോദിച്ചറിയും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മെഡിക്കല്‍ സംഘത്തിന് വിവരം കൈമാറും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും കൈമാറും.  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ സംഘം തയ്യാറാക്കിയ ചോദ്യങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നവരോട് ചോദിക്കുന്നത്. 
പഞ്ചായത്ത് വകുപ്പും കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേര്‍ന്നാണ് അവശ്യവസ്തുക്കള്‍ വീടുകളില്‍ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്. ഇതിനായി വോളന്റീയര്‍മാരും സന്നദ്ധരായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി പഞ്ചായത്തുകളില്‍ ആവശ്യമായ കുടിവെള്ളവും എത്തിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, വാട്ടര്‍ അതോറിട്ടി എന്നിവരെ ചുമതലപ്പെടുത്തി. 
  വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്നും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്നും പഞ്ചായത്തധികൃതരും പോലീസും ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ ലിസ്റ്റ് പോലീസിന് കൈമാറിയിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക്  ഭക്ഷണവും വസ്ത്രവും നഗരസഭയുടെ നേതൃതത്തില്‍ എത്തിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിനുശേഷമാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍, ഡി.എം.ഒ ഡോ:എഎല്‍ ഷീജ (ആരോഗ്യം), എം.പി, എംഎല്‍എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.