ഐസലേഷനില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരം

post

ഇന്ന് ലഭിച്ച അഞ്ച് സാമ്പിള്‍ റിസള്‍ട്ടും നെഗറ്റീവ്


പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി ജില്ലയിലെ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. രോഗലക്ഷണമുള്ള 24 പേരുടെ  പരിശോധന ഫലത്തില്‍ ഇന്ന്( മാര്‍ച്ച് 11) ലഭിച്ച അഞ്ചുപേരുടെ റിസള്‍ട്ട് നെഗറ്റീവാണ്. ഏഴ് സാമ്പിളുകളുടെ റിസള്‍ട്ടുകള്‍ ഇന്നും മാര്‍ച്ച് 10 ന് അയച്ച 12 പേരുടെ ഫലം നാളെയും(മാര്‍ച്ച് 12) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

രോഗികളുമായി ഏതെങ്കിലുംതരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് സഹായിക്കും. റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ(മാര്‍ച്ച് 10) രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. രോഗികള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ നിലവില്‍ അടച്ചിടേണ്ട ആവശ്യമില്ല. നിലവില്‍ 900 പേരാണു ജില്ലയില്‍ ഹോം ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 


കോവിഡ് 19: മുന്‍കരുതലായി റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാര്‍ഡ് 


കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണ്ണ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍  ഐസലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇത്. ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍വേണ്ടി കോന്നി മെഡിക്കല്‍ കോളേജ്, മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളില്‍  സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തര ഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചനാ ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസലേഷനായി ഉപയോഗിക്കുക. ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ്കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എന്‍എച്ച്എം ഡി.പി.എം ഡോ.എബി സുഷന്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.