കോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങരുത്: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

post

വയനാട്: ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച നിരീക്ഷണ കാലയളവില്‍ വീടുകളില്‍ നിന്ന് നിര്‍ദ്ദേശം ലംഘിച്ച്  പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍  ഡോ.അദീല അബ്ദുളള അറിയിച്ചു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത അവലോകനത്തിലാണ് നടപടി.

 നിലവില്‍ 31 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സാനിറ്റൈസര്‍ വെക്കണം. പൊതുയിടങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കും. പൊതുജനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിന് സംവിധാനമൊരുക്കും.    ജില്ലയിലെ ആരാധാനാലയങ്ങളിലെ ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പെരുന്നാളുകള്‍ തുടങ്ങിയ ചടങ്ങുകള്‍ ലഘൂകരിക്കണം. ഇവ ചടങ്ങുകള്‍ മാത്രമാക്കി നിജപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വികസന സെമിനാറുകളും പൊതു പരിപാടികളും മാറ്റിവെക്കണം. വിവാഹം പോലുളള ആഘോഷങ്ങള്‍ ലളിതമാക്കണം. വിദേശികള്‍ താമസിക്കാന്‍ എത്തുന്ന വിവരം റിസോട്ടുടമകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.