വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് കൂടുതല്‍ ശക്തിപ്പെടുത്തും

post

തിരുവനന്തപുരം : കൊറോണ പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു . എയര്‍പോര്‍ട്ട് അധികൃതരുമായി തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം വിമാനത്താവളത്തിലുണ്ട്. സാമ്പിളുകള്‍ എടുക്കാന്‍ ചില വിദേശ സഞ്ചാരികള്‍ സഹകരിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള സാഹചര്യത്തില്‍ നിര്‍ബന്ധിതമായി സാമ്പിളുകള്‍ എടുക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി സ്ഥലങ്ങളില്‍ നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഫ്‌ളൈറ്റുകളില്‍ പ്രത്യേക അറിയിപ്പ് നല്‍കാനും നിര്‍ദ്ദേശിച്ചതായും കളക്ടര്‍ പറഞ്ഞു.