കോവിഡ്19; ഗൃഹ നിരീക്ഷണത്തില്‍ 140 പേര്‍

post

കൊല്ലം : കൊറോണക്കെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ 10 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍. ഗൃഹ നിരീക്ഷണത്തില്‍ 140 പേരാണുള്ളത്. പുതുതായി 60 പേരെക്കൂടി ഗൃഹ നിരീക്ഷണത്തിന് വിധേയരാക്കിയിട്ടുണ്ട്. 125 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ എഴുപത്തിയഞ്ച് പേരുടെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖാവരണത്തിന് (മെഡിക്കല്‍ മാസ്‌കുകള്‍) അമിത വില ഈടാക്കുന്നതും പുഴ്ത്തി വയ്ക്കുന്നതും തടയാന്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് ലീഗല്‍ മെട്രോളജിയെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ ടൂറിസ്റ്റുകളും മറ്റ് വിദേശ സഞ്ചാരികളും എത്തുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ചികിത്സാ സ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, മറ്റ് മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധികൃതര്‍ അവര്‍ എത്തുന്ന മുറയ്ക്ക് 30 മിനിട്ടിനകം ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ഫോണ്‍ 04742797609, 8589015556.
ജില്ലയിലെ ഹൗസ് ബോട്ടുകളിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാര മേഖലകളിലും താമസ സ്ഥലങ്ങളിലും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഏതു സമയത്തും പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസിനെയും തഹസീല്‍ദാരില്‍ കുറയാത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും അധികാരപ്പെടുത്തിയിട്ടുണ്ട്.