റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മ ദിനം ആചരിച്ചു

post

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് അപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മ ദിനം മലപ്പുറം കോട്ടക്കുന്നില്‍ ആചരിച്ചു. ജില്ലാ മോട്ടോര്‍ വാഹന വകുപ്പ്, കേരള പൊലീസ്, ജിലാഭരണകൂടം, ട്രോമ കെയര്‍ വിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു.  അപകടങ്ങളില്‍ ജീവന്‍ നഷ്ട്ടമായവരുടെ ഓര്‍മ്മകള്‍ക്കായി മെഴുകുതിരികള്‍ തെളിയിക്കുകയും, മെഴുകുതിരി തെളിയിച്ച ബലൂണുകള്‍ ഉയര്‍ത്തി വിടുകയും ചെയ്തു. പലയിടങ്ങളിലെ റോഡപകടങ്ങളിലായി ഈ വര്‍ഷം ജില്ലയില്‍ 328പേരുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്.

റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതല്‍ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കും. ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ സലീന, വിനോദ് കല്ലിടുമ്പന്‍, സലീന റസാഖ്,  ഡോ. ഫിറോസ് ഖാന്‍, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍, ഫയര്‍ ഫോഴ്‌സ് പ്രതിനിധി അസിസ്റ്റന്റ് എസ്.എച്ച്. ഒ. പ്രദീപ്, മലപ്പുറം ആര്‍.ടി.ഒ അനൂപ് വര്‍ക്കി, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍, ട്രോമ കെയര്‍ ജില്ലാ സെക്രട്ടറി കെ.പി പ്രതീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മ്മ ദിനമായി ആചരിക്കുന്നത്.