അറപ്പച്ചാല്‍ തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് നിവാസികളുടെ ദീര്‍ഘകാലാവശ്യമായിരുന്ന അറപ്പച്ചാല്‍ തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൈയറ്റവും മാലിന്യ നിക്ഷേപവും കാരണം ഒഴുക്ക് നിലച്ച് നാശോന്മുഖമായ തോടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിക്കുന്നത്.    

പ്രളയ ഫണ്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരില്‍ നിന്നും ലഭിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് തോടിന്റെ നവീകരണം നടത്തുന്നത്. ആദ്യഘട്ടമായി തോടിന് ചുറ്റുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തോടിന്റെ ആഴം കൂട്ടി തോട്ടില്‍ അടിഞ്ഞിരിക്കുന്ന ചോലകളും പുല്ലുകളും വെട്ടിമാറ്റി മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പള്ളിത്തോട് കടത്തുകടവ് മുതല്‍ കാക്കശ്ശേരി തോട് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരമാണ് ശുചീകരിക്കുന്നത്. തോട്ടിലെ ഒഴുക്ക് നിലച്ചിരിക്കുന്നതിനാല്‍ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുക ഇവിടെ പതിവാണ്. തോട് നവീകരിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് പുറമേ തോടിന്റെ ഇരുകരയിലും താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും  അറുതിയാകുമെന്ന് തുറവൂര്‍ ഗ്രാമപഞ്ചായത്തംഗം ജെയിന്‍ ഏണസ്റ്റ് പറഞ്ഞു.