അംഗപരിമിതര്‍ക്ക് പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യം; കൃഷ്ണകുമാര്‍ സമര്‍പ്പിച്ച പ്രോജക്ട് നടപ്പാക്കാമെന്ന് കളക്ടര്‍

post

പത്തനംതിട്ട :അംഗ പരിമിതര്‍ക്കായി ജില്ലയില്‍ പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി ഒരു പ്രോജക്ട് തയ്യാറാക്കിയുമാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ കാണുവാന്‍ കൊല്ലത്തുനിന്നും കൃഷ്ണകുമാര്‍ എത്തിയത്. പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോപ്പി(മൈന്‍ഡ്) എന്ന തങ്ങളുടെ സംഘടന ഒരു പ്രോജക്ട് തയ്യാറാക്കിയത് കളക്ടര്‍ക്ക് നേരിട്ട് കൈമാറി കൃഷ്ണകുമാര്‍ വിശദീകരിച്ചു.  കളക്ടറിലുള്ള വിശ്വാസം കൊണ്ടാണ് നേരിട്ട് എത്തിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രൊജക്ട് വാങ്ങി എല്ലാ ചോദിച്ചു മനസിലാക്കിയ കളക്ടര്‍ അത് നടപ്പിലാക്കാമെന്നും ഉറപ്പ് നല്‍കി. റാമ്പ് നിര്‍മ്മാണ കാര്യത്തില്‍  ഒരുമിച്ച് നില്‍ക്കാമെന്നും ആവശ്യമായ നടപടികള്‍ ചെയ്യാമെന്നും കളക്ടര്‍ പറഞ്ഞു.  കൃഷ്ണ കുമാറിനെ ചേര്‍ത്ത് പിടിച്ച് ഫോട്ടോ എടുക്കാനും കളക്ടര്‍ മറന്നില്ല. കളക്ടറിന് തന്റെ കൂട്ടായ്മയിലെ സഹോദരങ്ങള്‍ നിര്‍മ്മിച്ച പേന കൃഷ്ണകുമാര്‍ സ്‌നേഹ സമ്മാനമായി നല്‍കി. മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോപ്പി എന്ന സംഘടനയുടെ വൈസ് ചെയര്‍മാനാണ് ചവറ സ്വദേശിയായ പി.എസ് കൃഷ്ണകുമാര്‍. കൊല്ലം ജില്ലയില്‍ റാമ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും എല്ലാ ജില്ലകളിലും റാമ്പുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മൈന്‍ഡ് കോ ഓര്‍ഡിനേറ്റേഴ്‌സായ എ ആദര്‍ശ്, ആര്‍ രാഗേഷ്, ബിജി രാഗേഷ്, ബിന്ദു എന്നിവര്‍ പങ്കെടുത്തു.