അന്താരാഷ്ട്ര വനിതാദിനം: സെമിനാറും പ്രസംഗമത്സരവും നടത്തി

post

പാലക്കാട് : അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി അനേകം പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് സ്ത്രീകള്‍ നേടിയെടുത്ത നേട്ടങ്ങളെ ഓര്‍മിച്ച്  വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും പ്രസംഗമത്സരവും സംഘടിപ്പിച്ചു. സമൂഹത്തില്‍ ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകള്‍ സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകകളാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എ.ഡി.എം.ടി.വിജയന്‍ പറഞ്ഞു. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുമ്പോഴാണ് സ്ത്രീകള്‍ സ്വതന്ത്രരാകുന്നത്. അതിനാല്‍ ഓരോരുത്തരും അറിവ് സമ്പാദിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുമായ എം.തുഷാര്‍ മുഖ്യാതിഥിയായി.
സ്ത്രീപക്ഷ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും സ്ത്രീ ശാക്തീകരണത്തിന് തടസമാകുന്നതായി സെമിനാര്‍ ചൂണ്ടിക്കാണിച്ചു. മാന്യമായി ജീവിക്കുന്നതിനുള്ള അവകാശം മാത്രമാണ് സ്ത്രീകളുടെ ആവശ്യം. എന്നാല്‍ പലപ്പോഴും വീടുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരികയോ ചെയ്യുന്നുണ്ട്. ആസിഡാക്രമണത്തിന് ഇരയായ സ്ത്രീക്ക് വനിതാശിശു വികസന വകുപ്പ് നല്‍കിയ സഹായവും അതിലൂടെ അവര്‍ കൈവരിച്ച ധൈര്യവും സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകയാണ്. ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സേവനം ഗാര്‍ഹിക പീഡനങ്ങള്‍ അനുഭിക്കുന്നവര്‍ ഉപയോഗപ്പെടുത്തണമെന്ന് സെമിനാറില്‍ ക്ലാസെടുത്ത് അഡ്വ.ബീന പറഞ്ഞു.
മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥികളായ അനു റോയ്, ഹരിപ്രിയ എന്നിവര്‍ പ്രസംഗമത്സത്തില്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല ശിശു വികസന ഓഫീസര്‍ പി.മീര, പ്രോഗ്രാം ഓഫീസര്‍ സി.ആര്‍.ലത എന്നിവര്‍ സംസാരിച്ചു.