വിവിധ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കും

post

വാട്ടര്‍ അതോറിറ്റി അദാലത്ത് സംഘടിപ്പിച്ചു.

പാലക്കാട് : ജലവിഭവ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, എം.പി, എം.എല്‍.എ ഫണ്ടുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ജില്ലയിലെ മുഴുവന്‍ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നടപടിയെടുക്കുമെന്ന് ജലവിഭവ  മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച്  കൂടുതല്‍ ജലവിതരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമായ മുഴുവന്‍  പ്രദേശങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം എത്തിക്കാനാകും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള കണക്ഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ സംഘടിപ്പിച്ച റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ കണക്ഷനുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ തസ്തികകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അരുവിക്കര കുപ്പിവെള്ള പ്ലാന്റ് വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനത്തിനാണ് കൈമാറുന്നതെന്നും ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം വാട്ടര്‍ അതോറിറ്റിക്കാണെന്നും അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി രക്ഷാധികാരിയും വാട്ടര്‍ അതോറിറ്റി എം.ഡി ചെയര്‍മാനുമായ പൊതുമേഖലാ സ്ഥാപനത്തിനാണ് അരുവിക്കര പ്ലാന്റിന്റെ ചുമതല കൈമാറുന്നത്. ഇത് സ്വകാര്യവത്ക്കരിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം വരാതെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടേയും കുടിവെള്ള കണക്ഷനുകളിലെ ബില്ലുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനാണ് റവന്യൂ അദാലത്ത് സംഘടിപ്പിച്ചത്. അധിക ബില്ലുകള്‍, മീറ്റര്‍ റീഡിങ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെ സര്‍ചാര്‍ജ് എന്നിവയ്ക്ക് പുറമെ റവന്യൂ റിക്കവറി നടപടി നേരിടുന്ന ഉപഭോക്താക്കള്‍, കോടതിയില്‍ കേസുള്ള ഉപഭോക്താക്കള്‍ എന്നിവരുടെ ബില്ലുകളും അദാലത്തില്‍ പരിഗണിച്ചു. 520 അപേക്ഷകളാണ് മുന്‍കൂട്ടി ലഭിച്ചത്. അഞ്ചു കൗണ്ടറുകളിലായി 40 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍, പാലക്കാട് ഡിവിഷനുകളിലെ ഉപഭോക്താക്കള്‍ക്കായാണ് റവന്യൂ അദാലത്ത് സംഘടിപ്പിച്ചത്.
കല്‍മണ്ഡപം വാട്ടര്‍ അതോറിറ്റി  ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. മുരുകദാസ്, ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ബി ഷാജഹാന്‍, വാട്ടര്‍ അതോറിറ്റി ഫൈനാന്‍സ് മെമ്പര്‍ വി ഷിജിത്ത്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍ ജയചന്ദ്രന്‍ , വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.