കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കും: അന്നപൂര്‍ണാദേവി

post

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു

പത്തനംതിട്ട : കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി. 13 -ാം പഞ്ചവത്സര പദ്ധതിയിലെ 2020-21 വാര്‍ഷികപദ്ധതി രൂപീകരണ വികസനസെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അന്നപൂര്‍ണാദേവി. ജില്ലയില്‍ ഇടവിളക്കൃഷികള്‍ നടപ്പിലാക്കി കൃഷികള്‍ വീടുകളിലെത്തിച്ചുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടാതെ ഹരിതകേരളം പദ്ധതിയിലൂടെ തോടുകളും നദികളും വൃത്തിയാക്കി. നെല്‍കൃഷി വ്യാപിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്കു ധനസഹായം നല്‍കി. സ്‌കൂള്‍ കുട്ടികള്‍ക്കായി കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. കലാകായിക രംഗങ്ങളില്‍ കുട്ടികളെ വളര്‍ത്തിയെടുത്തു. വഴിവിളക്കുകള്‍ സ്ഥാപിച്ചു. കുഴല്‍ക്കിണറും കുടിവെള്ള കണക്ഷനുകളും മെച്ചപ്പെടുത്തി. കിയോസ്‌ക്കിന്റെ സഹായത്തോടെ കുടുംബശ്രീ കഫേകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വിപണന കേന്ദ്രങ്ങളില്‍ വികസനം സാധ്യമാക്കി. പുതിയ പഠന മുറികള്‍ക്ക് സൗകര്യമൊരുക്കി. എച്ച്.ഐ.വി, ക്ഷയ രോഗബാധിതര്‍ക്ക് പോഷകാഹാര കിറ്റ് എന്നിവ നല്‍കി. ദുരന്തനിവാരണ പദ്ധതികള്‍, എസ്.സി, എസ്.ടി മേഖലയിലുള്ള യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ അധിഷ്ഠിത പരിശീലനം, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹായം തുടങ്ങിയവയില്‍ ജില്ലാ പഞ്ചായത്ത് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാനത്തെ വികസന സെമിനാറില്‍ വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായം സ്വീകരിച്ച് അന്തിമ വികസനരേഖ പുറത്തിറക്കുമെന്നും അന്നപൂര്‍ണാദേവി വ്യക്തമാക്കി. വികസന സെമിനാറില്‍ കാര്‍ഷികമേഖലയില്‍ നെല്‍ക്കൃഷി കൂലിച്ചെലവും ഇടവിളക്കൃഷി പ്രോത്സാഹനവും ചര്‍ച്ചയായി. കുളമ്പ് രോഗപ്രതിരോധവും മിഷന്‍ നന്ദിനിയുടെ ഭാഗമായുള്ള വന്ധ്യതാ നിവാരണത്തിനുള്ള ആവശ്യവും മൃഗസംരക്ഷണ മേഖല ആവശ്യപ്പെട്ടു. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി, ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിംഗ് ഫണ്ട് മുതലായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സ്‌കൂള്‍ കെട്ടിട പുനരുദ്ധാരണം, ആതുരാലയ അറ്റകുറ്റപ്പണി, മരുന്നുവാങ്ങല്‍, ഉപകരണങ്ങള്‍ വാങ്ങല്‍, വീട് നിര്‍മാണം തുടങ്ങിത പദ്ധതികളില്‍ ധനസഹായം നല്‍കല്‍, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സ്ഥലം തുടങ്ങിയവ വിവിധ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. കരകൗശല വസ്തുക്കളുടെ നിര്‍മാണം, വിപണനം, ഖാദി മേഖലയ്ക്ക് വികസനം, ട്രാര്‍സ് ജെന്‍ഡറുകള്‍ക്കുള്ള ജീവനോപാധികള്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ എന്നിവ ആവിഷ്‌ക്കരിക്കണമെന്ന് ചെറുകിട വ്യവസായമേഖലയില്‍ നിന്ന് നിര്‍ദേശമുയര്‍ന്നു. 
ശുചിത്വവുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കുള്ള ധനസഹായം എന്നിവ  ചര്‍ച്ചചെയ്തു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും ജില്ലാ പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണം നടത്തണമെന്ന് പൊതുമരാമത്തില്‍ നിന്ന് നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് സഹായം നല്‍കല്‍, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരമാവധി നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിശീലനങ്ങള്‍ ആവശ്യമുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം നിര്‍ദേശിച്ചു. വനിതകള്‍ക്കു വരുമാനദായക സംരംഭങ്ങള്‍ക്കു കുടുംബശ്രീ ധനസഹായം, അങ്കണവാടി കുട്ടികള്‍ക്കു പോഷകാഹാരം, ഭൗതിക സാഹചര്യം ഒരുക്കല്‍, വൃദ്ധജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍, മരുന്ന്, പാര്‍പ്പിടം, ആഹാരം, ആംബുലന്‍സ് സര്‍വീസ്, വികലാംഗര്‍ക്ക് സഹായ ഉപകരണങ്ങള്‍, വാഹനം, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നു. ജനസേവനം കാര്യക്ഷമമാക്കലിന്റെ ഭാഗമായി ഐ.എസ്.ഒ അംഗീകാരം, മണ്ണ് സംരക്ഷണം, കുടിവെള്ള പദ്ധതി, എസ്.ടി കുട്ടികള്‍ക്കായുള്ള ഭക്ഷണ പരിപാടി, എസ്.സി, എസ്.ടി കുട്ടികള്‍ക്കായുള്ള പഠനമുറി തുടങ്ങിയവയും കലകായികംസംസ്‌കാരംയുവജനക്ഷേമം എന്നിവയില്‍ അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് ഭൗതിക സാഹചര്യം സൃഷ്ടിക്കല്‍, കെട്ടിടനിര്‍മാണം തുടങ്ങിയ ആവശ്യങ്ങളും വികസന സെമിനാറില്‍ ഉയര്‍ന്നുവന്നു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എസ്.വി സുബിന്‍, എലിസബത്ത് അബു, വിനീത അനില്‍, ടി. മുരുകേഷ്, എം.ജി കണ്ണന്‍, പി.വി വര്‍ഗീസ്, ബിനിലാല്‍, ബി. സതികുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റജി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ വികസന സെമിനാറില്‍ പങ്കെടുത്തു.