അന്താരാഷ്ട്ര വനിതാദിനം : വ്യത്യസ്ത പരിപാടികളുമായി കുടുംബശ്രീ

post

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച്  'എന്റെ അവസരം, എന്റെ അവകാശം' എന്ന ആശയം മുന്‍നിര്‍ത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ആഘോഷ പരിപാടികള്‍. ഇതിന്റെ ഭാഗമായി മാര്‍ച്ച് 7 ന് വൈകിട്ട് ഏഴു മുതല്‍ പത്ത് മണി വരെ  സംസ്ഥാനമൊട്ടാകെയുള്ള രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുക്കുന്ന  പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ   കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടതലങ്ങളില്‍ നടപ്പാക്കി വരുന്ന സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം പഠന സഹായി 'ലിംഗപദവി സമത്വവും നീതിയും' അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളുടെയും  പ്രവര്‍ത്തനങ്ങളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും നടക്കും. 

'ഞാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുന്ന, സമത്വത്തിന്റെ തലമുറയില്‍പ്പെട്ട ആള്‍ എന്നാണ്' ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന മുദ്രാവാക്യം.  ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടനാ സംവിധാനത്തിലെ മുഴുവന്‍ സ്ത്രീകളയും പങ്കെടുപ്പിച്ചു കൊണ്ട് വനിതാ ദിന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തിലെ എല്ലാ സി.ഡി.എസുകളിലും 'എന്റെ അവസരം, എന്റെ അവകാശം' എന്ന വനിതാദിന മുദ്രാവാക്യമെഴുതിയ പതാകകള്‍ അയല്‍ക്കൂട്ട വനിതകളുടെ നേതൃത്വത്തില്‍ കെട്ടിവരികയാണ്. ഓരോ അയല്‍ക്കൂട്ടവും അഞ്ച് പതാകകള്‍ വീതം സ്ഥാപിക്കുന്നു. ഇതുപ്രകാരം മാര്‍ച്ച് എട്ടിന് പത്തുലക്ഷത്തോളം പതാകകള്‍ സ്ഥാപിക്കുന്നതിനും അതിലൂടെ ഓരോ സ്ത്രീക്കും ലഭിക്കുന്ന അവസരം അവളുടെ അവകാശമാണെന്ന് അടയാളപ്പെടുത്തുന്നതിനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

വെള്ളത്തുണിയില്‍ കുടുംബശ്രീയുടെ ലോഗോ, വനിതാദിന ചിന്ത, വനിതാ ദിനാഘോഷം 2020 എന്നിവ രേഖപ്പെടുത്തി തയ്യാറാക്കിയ പതാകകളാണ് നാടെങ്ങും ഉയരുന്നത്. കേരളമൊട്ടാകെ പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാവും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷ പരിപാടികള്‍ നടക്കുക. സംസ്ഥാന ജില്ലാമിഷനുകളുടെയും അതത് സിഡിഎസ്, എഡിഎസ് ഭാരവാഹികളുടെയും നേതൃത്വത്തിലായിരിക്കും വനിതാദിന പരിപാടികളുടെ നടത്തിപ്പ്.