സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തണലായി വണ്‍ഡേ ഹോം

post

തിരുവനന്തപുരം : തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലാണ് വണ്‍ഡേ ഹോം. അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് പ്രവേശനം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ക്ക് വണ്‍ഡേ ഹോം സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ എല്ലാ ദിവസവും 24 മണിക്കൂറും വണ്‍ഡേ ഹോം പ്രവര്‍ത്തിക്കും.

6 ക്യുബിക്കിളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയുമാണ് വണ്‍ ഡേ ഹോമില്‍ സജ്ജമാക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍ സൗകര്യം, ഡ്രെസിംഗ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതും ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതുമാണ്. അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ ഐഡി പ്രൂഫ് ഹാജരാക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസം വരെ പ്രവേശനം അനുവദിക്കുന്നതാണ്. 3 ദിവസത്തില്‍ കൂടുതല്‍ താമസം അനുവദനീയമല്ല. ചെറിയ തുക ഈടാക്കിയാണ് വണ്‍ ഡേ ഹോം അനുവദിക്കുന്നത്.

കെ.കെ.ശൈലജ ടീച്ചര്‍ വണ്‍ഡേ ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന വീഡിയോ കാണാം.