കാര്‍ഷിക, പശ്ചാത്തലമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ്

post

ഇടുക്കി:  കാര്‍ഷിക, പശ്ചാത്തലമേഖലകളുടെ വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ട് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 2020-21 വര്‍ഷത്തേക്കായി 54.13 കോടി രൂപയുടെ ബഡ്ജറ്റ്.   54.16 കോടി ( 541.68 ലക്ഷം) രൂപ വരവും 54.13 കോടി ( 541.39 ലക്ഷം) രൂപ ചെലവും മൂന്നുലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് ആശ ആന്റണിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ അവതരിപ്പിച്ചു. 1.21 കോടിരൂപയാണ് കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കര്‍ഷക സംഘങ്ങള്‍ക്ക്  കാര്‍ഷികയന്ത്രോപകരണങ്ങള്‍, വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി, പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി എന്നിവയാണ് കാര്‍ഷിക മേഖലയിലെ പ്രധാന പദ്ധതികള്‍.
ബ്ലോക്ക് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ ഭവന രഹിതര്‍ക്ക് വീടുനിര്‍മാണത്തിനായി 1.46 കോടി രൂപ വകയിരുത്തി. റോഡ് നിര്‍മാണത്തിനു 1.63 കോടി രൂപ ഉള്‍പ്പെടുത്തി. ഉപ്പുതറ, പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം ഉള്‍പ്പെടെ ആരോഗ്യമേഖലയ്ക്ക് 1.23 കോടി രൂപ വകകൊള്ളിച്ചു. വനിത ക്ഷേമത്തിനു 64.72 ലക്ഷം രൂപ ചെലവഴിക്കും. കിടപ്പുരോഗികള്‍ക്കായി മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയറുകള്‍ നല്‍കും. കൈവിരലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് വീല്‍ചെയറില്‍ സഞ്ചരിക്കാനാകും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി.
 ശുചിത്വ മേഖലയ്ക്ക്ക്ക്  20 ലക്ഷം, അഗതി  ആശ്രയ പദ്ധതികള്‍ ആറു ലക്ഷം, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് 12 ലക്ഷം, പട്ടികജാതിവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനമുറി 84 ലക്ഷം, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനമുറി 41 ലക്ഷം എന്നിങ്ങനെ എല്ലാ മേഖലകളെയും  ഉള്‍പ്പെടുത്തിയുള്ള സമഗ്ര ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്.
ബജറ്റ് കമ്മറ്റിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍മാരായ രാജേന്ദ്രന്‍ മാരിയില്‍, സന്ധ്യ രാജ, കുട്ടിയമ്മ സെബാസ്റ്റിന്‍, അംഗങ്ങളായ സാലി ജോളി, ഇന്ദിര ശ്രീനി, ജോസ്‌ന ജോബിന്‍, സാബു ജോണ്‍, ജിജി കെ.ഫിലിപ്പ്, രാജേഷ് കുഞ്ഞുമോള്‍, വി.ജി. അമ്പിളി, ജോബന്‍ പാനോസ്, സെക്രട്ടറി ബി. ധനേഷ് തുടങ്ങിയവര്‍  പങ്കെടുത്തു.