നൂറ് മേനിയുടെ മേന്മയില്‍ കൊട്ടളപ്പാടം പാടശേഖരം; ഉത്‌സവഛായയില്‍ വിളവെടുപ്പ്

post

ആലപ്പുഴ: കാലം തെറ്റിപ്പെയ്ത മഴയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നൂറ് മേനി കൊയ്‌തെടുത്ത് പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ കൊട്ടളപ്പാടം പാടശേഖരം. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കൊട്ടളപ്പാടത്ത് വീണ്ടും നെല്‍കൃഷി ഇറക്കാന്‍ സാഹചര്യമൊരുങ്ങിയത്. ഇതിനായി ദാസപ്പനെന്ന കര്‍ഷകനേയും നിയോഗിച്ചു. പ്രളയം ഉള്‍പ്പടെ പ്രതികൂല സാഹചര്യങ്ങള്‍ പാടശേഖരത്തിലെ കൃഷി നശിപ്പിച്ചെങ്കിലും പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിഭവനും നല്‍കിയ മനക്കരുത്തില്‍ കൊട്ടളപ്പാടത്ത് മൂന്നാമതും നെല്‍വിത്ത് വിതയ്ക്കുകയായിരുന്നു.
പഞ്ചായത്തിന്റെ ആവശ്യമനുസരിച്ച് പാടശേഖര സമിതിയുമായി കരാറില്‍ ഏര്‍പ്പെട്ട് നിലമൊരുക്കി. കൃഷിഭവന്‍ വഴി ലഭിച്ച, മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത മനുരത്‌ന എന്ന വിത്തിനമാണ് അമ്പതേക്കര്‍ വരുന്ന കൊട്ടളപ്പാടത്ത് വിതച്ചത്. നൂറ് മേനി വിളവ് ലഭിച്ച പാടശേഖരത്തില്‍ ഇന്ന് (07-03-2020) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തില്‍ വിളവെടുപ്പുത്സവം നടത്താനിരിക്കെയാണ് രണ്ട് ദിവസമായി പെയ്ത വേനല്‍ മഴയില്‍ കതിര്‍മണികള്‍ ചാഞ്ഞ് തുടങ്ങിയത്. തുടര്‍ന്ന് അടിയന്തിരമായി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കൊയുത്തുത്സവം നടത്തി. പ്രസിഡന്റിനോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം .പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ വി.വി. വിജയശ്രീ, കൃഷി ഓഫീസര്‍ ക്വീനോ ജോസ്, വില്ലേജ് ഓഫീസര്‍ ഉദയന്‍, കര്‍ഷകര്‍, പ്രദേശവാസികള്‍, പട്ടണക്കാട്കടക്കരപ്പള്ളി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിള്‍, അധ്യാപകര്‍ എന്നിവരും പങ്കെടുത്തു.
കുട്ടികളും കര്‍ഷകരും ജനപ്രതിനിധികളും ചേര്‍ന്ന് കൊയ്ത്തുപാട്ടും നൃത്തച്ചുവടകളുമായി കൊട്ടളപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ആഘോഷമാക്കി മാറ്റി. ആദ്യ രണ്ട് തവണയുണ്ടായ തിരിച്ചടികളെ മറികടക്കാന്‍ പഞ്ചായത്ത് നല്‍കിയ പിന്തുണ വളരെ വലുതാണെന്നും, അതില്ലായിരുന്നെങ്കില്‍ മികച്ച നേട്ടത്തിലേക്ക് എത്തില്ലായിരുന്നെന്നും പാടശേഖരത്തില്‍ കൃഷിയിറക്കിയ ദാസപ്പന്‍ പറഞ്ഞു.