മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും : മുഖ്യമന്ത്രി

post

* മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് 'പുനര്‍ഗേഹം' പദ്ധതിക്ക് തുടക്കമായി

* 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

* വിദ്യാര്‍ഥിനികള്‍ക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നടന്നു

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളി പാര്‍പ്പിട പുനരധിവാസ പദ്ധതി 'പുനര്‍ഗേഹ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അവരുടെ സുരക്ഷയും സാമൂഹ്യപരിരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഠിനമായ ജീവിതദുരിതങ്ങളിലേക്ക്  അവര്‍ വലിച്ചെറിയപ്പെടില്ല എന്നുറപ്പാക്കും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോള്‍ ജീവന്‍ പോലും തൃണവത്ഗണിച്ച് സമൂഹത്തിന്റെയാകെ രക്ഷകരായി മുന്നിട്ടിറങ്ങിയവരാണവര്‍. സമാനതകളില്ലാത്ത പ്രവൃത്തിയിലൂടെ നാടിന്റെ സേനയായവരെ ഏതുരീതിയിലും സംരക്ഷിക്കും. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം കടല്‍കയറ്റം വര്‍ധിക്കുമ്പോള്‍ ഏറ്റവും ബാധിക്കുന്നത് കടലിനടുത്ത് താമസിക്കുന്നവരെയാണ്. തൊഴില്‍ സൗകര്യത്തിനാണ് മത്സ്യത്തൊഴിലാളികള്‍ കൂടുതലായി തീരത്തിന് സമീപം താമസിക്കുന്നത്. അവര്‍ക്ക് പാര്‍പ്പിടസുരക്ഷ ഉറപ്പാക്കാന്‍ 'പുനര്‍ഗേഹം' പദ്ധതിയിലൂടെ കഴിയും. ഭൂമി വാങ്ങി വീടുവയ്ക്കാന്‍ ഭൂമിക്ക് ആറുലക്ഷവും വീടിന് നാലുലക്ഷവും എന്ന കണക്കില്‍ 10 ലക്ഷമാണ് നല്‍കുന്നത്. സ്ഥലം കണ്ടുപിടിക്കാന്‍ കഴിയാത്തവര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് താമസിക്കാന്‍ സൗകര്യമൊരുക്കും. മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടം 8487ഉം, രണ്ടും മൂന്നും ഘട്ടങ്ങളില്‍ 5099 വീതവും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.
ഓഖി ദുരന്തമുണ്ടായപ്പോഴും മത്സ്യത്തൊഴിലാളികളെ ആകാവുന്നിടത്തോളം ചേര്‍ത്തുനിര്‍ത്തി സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കി. മരിച്ചവരോ കാണാതായവരോ ആയവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം സമയബന്ധിതമായി നല്‍കി. നഷ്ടപ്പെട്ട ഭവനങ്ങള്‍ പുനഃസ്ഥാപിക്കാനും ദുരന്തബാധിതരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാനും ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞു. നഷ്ടപ്പെട്ടതും കേടുവന്നതുമായ മത്സ്യബന്ധനോപാധികള്‍ക്ക് ധനസഹായം നല്‍കി. ഉപാധികള്‍ ഇനിയും പുനഃസ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്കാണ് 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം റവന്യൂഭവനനിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. തീരദേശവാസികള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു.
മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തമായി വള്ളവും വലയും ഇല്ലാതിരുന്നവര്‍ക്ക് അവ നല്‍കാനായത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. 200 പേര്‍ക്ക് കൂടി വള്ളവും വലയും നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. തീരം സംരക്ഷിക്കാന്‍ പൂന്തുറ ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ കെ. ആന്‍സലന്‍, വി. ജോയി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, കൗണ്‍സിലര്‍ സോളമന്‍ വെട്ടുകാട്, പെട്രോനെറ്റ് എല്‍.എന്‍.ജി ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഢി, പുല്ലുവിള സ്റ്റാന്‍ലി, ടി.പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തിന്റെ തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ കടലാക്രമണ ഭീഷണിയുള്ള മേഖലയില്‍ താമസിക്കുന്ന 18,985 കുടുംബങ്ങളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കാനായാണ് 'പുനര്‍ഗേഹം' പദ്ധതി നടപ്പാക്കുന്നത്. 2450 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നുമാണ് നീക്കിവെച്ചിട്ടുള്ളത്.
2019-20 സാമ്പത്തിക വര്‍ഷം ആരംഭിച്ച് 2021-22 വര്‍ഷം പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. പുനരധിവാസത്തിനായി വ്യക്തിഗത വീട് നിര്‍മാണം, ഫഌറ്റ് സമുച്ചയ നിര്‍മാണം എന്നീ രീതികള്‍ അനുവര്‍ത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ നഷ്ടപ്പെട്ട് തൊഴില്‍രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണതോതില്‍ സജ്ജമാക്കിയ 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകളാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്. ഒരു യൂണിറ്റില്‍ 32 അടി നീളമുള്ള എഫ്.ആര്‍.പി യാനത്തിന് പുറമേ, ആവശ്യമായ മത്സ്യബന്ധന വലകള്‍, ലോംഗ് ലെയിന്‍, ചൂണ്ടകള്‍ എന്നിവയും ജീവന്‍രക്ഷാ ഉപകരണങ്ങളായ ജി.പി.എസ്, എക്കോസൗണ്ടര്‍, ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് എന്നിവയും 25 എച്ച്.പി, 9.9 എച്ച്.പി എന്നീ വിഭാഗങ്ങളിലായി രണ്ടു ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളും ഉള്‍പ്പെടുന്നു. നാലു മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനാണ് എട്ടുലക്ഷം രൂപ വീതം വിലവരുന്ന ഒരു മത്സ്യബന്ധന യൂണിറ്റ് ലഭ്യമാക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്രാസൗകര്യം ഒരുക്കാനാണ് 2000 സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നല്‍കുന്നത്.