വികസനോന്മുഖ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

post

കൊല്ലം : ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസനോന്മുഖ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ഉത്പാദന, സേവന പശ്ചാത്തല മേഖലകളെ അടിസ്ഥാനമാക്കി വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. ജില്ലാ പഞ്ചായത്തില്‍ നടന്ന വികസന സെമിനാറില്‍ 2020- 21 കരട് വാര്‍ഷിക പദ്ധതിരേഖ അവതരിപ്പിച്ചു.
ജില്ലയിലെ നെല്‍കൃഷി വികസനത്തിനായി പൊലിയോ പൊലി മൂന്നാംഘട്ടം നടത്തും. നെടുമ്പന ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാനം പദ്ധതി ജില്ലാ പഞ്ചായത്ത് സംയോജിത പദ്ധതിയായി ഏറ്റെടുത്ത് നടപ്പിലാക്കും. കാവുകളുടെ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പ്, വൃക്ക രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് നല്‍കുന്ന ജീവനം തുടങ്ങിയവ പ്രധാന പദ്ധതികളാണ്. ഗ്രാമീണ കായിക വികസനത്തിനായി തിരഞ്ഞെടുത്ത പഞ്ചായത്തിലെ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ഫുട്ബാള്‍ പരിശീലന പരിപാടി നടത്താന്‍ ലക്ഷ്യമിടുന്നു. കളിക്കളം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷം രൂപവീതം വകയിരുത്താന്‍ കഴിയുന്ന 25 പഞ്ചായത്തുകളില്‍ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. ഗ്രാമപഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന സ്റ്റേഡിയം നിര്‍മാണവും നവീകരണവും ഏറ്റെടുത്തു നടപ്പിലാക്കും.
ഗ്രാമപഞ്ചായത്തുകള്‍ കണ്ടെത്തി നല്‍കുന്ന 25 സെന്റില്‍ കുറയാത്ത സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കും. മലയോര ടൂറിസം, പ്ലാസ്റ്റിക് മാലിന്യ സംഭരണ സംസ്‌കരണ പദ്ധതി എന്നിവയും പദ്ധതി രേഖയില്‍ ഉള്‍പ്പെടുന്നു. വികസന സെമിനാര്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പദ്ധതികള്‍ പരിസ്ഥിതി സൗഹൃദപരമായി നടപ്പാക്കണമെന്ന് അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം ശിവശങ്കരപിള്ള, ഇ എസ് രമാദേവി, വി ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, ജില്ലാ ആസൂത്രണ സമിതി അംഗം എം വിശ്വനാഥന്‍, പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.