അന്തര്‍ദേശീയ വനിതാ ദിനാചരണം: ചുമര്‍ചിത്ര രചന മത്സരം തുടങ്ങി

post

പാലക്കാട്: മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍  ചുമര്‍ ചിത്രരചനാ മത്സരം തുടങ്ങി . ജില്ലയിലെ  തിരഞ്ഞെടുത്ത  പൊതു ഇടങ്ങളിലെ ചുമരുകളിലാണ്  ചിത്രം വരയ്ക്കുന്നത്. സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നീ മൂന്ന് ഇടങ്ങളിലെ മതിലുകളിലാണ് മത്സരത്തിനായി ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്.  അഞ്ച് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹികപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും' എന്ന ആശയം ഉള്‍ക്കൊണ്ടുള്ള വിഷയങ്ങളാണ് ചുമര്‍ ചിത്രരചനയില്‍ വരയ്ക്കുന്നത് . ചിത്രങ്ങള്‍ പോസിറ്റീവ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയും മതം, കക്ഷി രാഷ്ട്രീയം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാത്തതുമാകണമെന്ന നിര്‍ദേശമുണ്ട്. ചിത്രരചന ആവശ്യത്തിനായി് ഒരു ടീമിന് 2000 രൂപയും കൂടാതെ ആവശ്യമായ പെയിന്റും ബ്രഷും   സാമഗ്രികളും നല്‍കിയിട്ടുണ്ട്. രണ്ടോ അതിലധികമോ വ്യക്തികള്‍ ഉള്‍പ്പെടുന്ന ടീമിന് മാര്‍ച്ച്  അഞ്ച് വരെയാണ് ചിത്രരചന പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനക്ക് 5000 രൂപ ക്യാഷ് പ്രൈസ് സംസ്ഥാനതല വനിതാദിനാചരണ പരിപാടിയില്‍ വിതരണം ചെയ്യും. ചുമര്‍ ചിത്രരചനാ മത്സരത്തിലെ വിഷയവുമായി ബന്ധപ്പെട്ട ഡിസൈന്‍ മുന്‍കൂട്ടി സമര്‍പ്പിച്ച് അംഗീകാരം ലഭിച്ച ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത് .