അര്‍ഹരെങ്കില്‍ 60 ദിവസത്തിനകം പട്ടയം: ജില്ലാ കലക്ടര്‍

post

പീരുമേട് 157 പരാതികളില്‍ നടപടി സ്വീകരിച്ചു

ഇടുക്കി: അപേക്ഷകര്‍ അര്‍ഹരാണെങ്കില്‍ 60 ദിവസത്തിനകം പട്ടയം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ഭാഗമായി പീരുമേട് താലൂക്കില്‍ നടത്തിയ അദാലത്തില്‍ വാഗമണ്‍ വില്ലേജ് ഓഫീസ് പരിധിയിലുള്ള ഏഴു പേരുടെ പരാതി പരിഹരിച്ച് ജില്ലാ കലക്ടര്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തി തര്‍ക്കം, പട്ടയം, സര്‍വ്വേ - റീ സര്‍വ്വേ തുടങ്ങിയ ഭൂപ്രശ്‌നങ്ങള്‍, വിവിധ വകുപ്പുകള്‍ എതിര്‍കക്ഷികളായുള്ള പരാതികള്‍ തുടങ്ങി വിവിധ പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമായി. 

അതിര്‍ത്തി തര്‍ക്കം, പട്ടയം, സര്‍വ്വേ - റീ സര്‍വ്വേ തുടങ്ങിയ ഭൂപ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതലായും ലഭിച്ചത്. തുടര്‍ നടപടി ആവശ്യമുള്ള പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുവാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പീരുമേട് താലൂക്കില്‍ 37 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 32 പരാതികള്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്ത് - 2, ഫിഷറീസ് - 1, കൃഷി - 1, വാട്ടര്‍ അതോറിറ്റി - 1 എന്നിങ്ങനെയാണ് പരാതി ലഭിച്ചത്. മത്സ്യതൊഴിലാാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിന് പാസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അയ്യപ്പന്‍കോവില്‍ സ്വദേശി ജോളി വര്‍ഗീസ് നല്‍കിയ പരാതിയില്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് കത്തയച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.

കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പരാതിക്കാരനായ പെരുവന്താനം സ്വദേശി എം. എ. റഷീദിന് ഈ മാസം തന്നെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് കലക്ടര്‍ ഉത്തരവിട്ടു. ഭൂമി അളന്ന് തിരിക്കണമെന്ന പരാതിയുമായിട്ടാണ് കുമളി അഫ്‌റിന്‍ സഫ്‌റിന്‍ മന്‍സിലില്‍ ഫിറോസ് ഖാന്‍ എന്ന 72 കാരനും ഭാര്യമെത്തിയത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 13-ാംതീയതി മൂന്നാര്‍ എല്‍. എ. ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ അപേക്ഷകനെയും എതിര്‍കക്ഷിയെയും നോട്ടീസ് നല്‍കി വിചാരണ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

അദാലത്തില്‍ പ്രത്യേക കൗണ്ടര്‍ വഴി നേരിട്ടും പരാതികള്‍ സ്വീകരിച്ചു. നേരിട്ട് ലഭിച്ച 120 പരാതികളും കലക്ടര്‍ പരിശോധിച്ച് അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കാവുന്ന പരാതികളില്‍ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മറ്റ് പരാതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടി സ്വീകരിക്കാനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ നേരിട്ട് ലഭിച്ച 120 പരാതികളും അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തു. 

പരാതിക്കാരുടെയും  ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചത്. എഡിഎം ആന്റണി സ്‌കറിയ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) മൂന്നാര്‍ എസ്. ഹരികുമാര്‍, (ആര്‍ആര്‍) ഡെപ്യൂട്ടി കലക്ടര്‍ അലക്‌സ് ജോസഫ്, ജില്ലാ സര്‍വ്വേ സൂപ്രണ്ട് അബ്ദുള്‍ കലാം ആസാദ്, പീരുമേട് തഹസീല്‍ദാര്‍ എം. കെ. ഷാജി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.