നല്‍കാം സ്‌നേഹത്തിന്റെ അവധിക്കാലം

post

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സ്‌കൂളടക്കാറായി. വേനലവധിക്കാലം എങ്ങനെ ആഘോഷിക്കണം, ഏതൊക്കെ ബന്ധുവീട്ടില്‍ പോകണം. നമ്മുടെ കുട്ടികള്‍ ഇങ്ങനെയാണ് അവധിക്കാലം പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ അവധിക്കാലത്ത് എങ്ങോട്ടു പോകണം എന്ന് ആശങ്കപ്പെടുന്ന ഒരുകൂട്ടം കുരുന്നുകളും നമുക്കിടയിലുണ്ട്. ആരവങ്ങളും ആഘോഷങ്ങളുമുള്ള ഒരു നല്ല അവധിക്കാലം അവരും ആഗ്രഹിക്കുന്നുണ്ടാകില്ലേ.  സ്‌നേഹത്തിന്റെ ഒരു നല്ല വേനലവധിക്കാലം അവര്‍ക്കു സമ്മാനിക്കാന്‍ നമുക്കും ഒരവസരം ലഭിച്ചാലോ. കണ്ണൂര്‍ ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ ഈ അവധിക്കാലത്ത്  സ്വന്തം വീടുകളില്‍ താമസിച്ച് വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള  അവസരമൊരുക്കുകയാണ്  ജില്ലാ ശിശു സംരക്ഷണ വകുപ്പ്. വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം  അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

ബാലനീതി നിയമ പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍  സംരക്ഷിക്കപ്പെടുന്നതും  അവധിക്കാലത്ത് കുടുംബങ്ങളോടൊപ്പം  പോകാന്‍ സാധിക്കാത്തതുമായ  കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചിലവഴിക്കാന്‍  അവസരം ഒരുക്കുകയാണ്  വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി ലക്ഷ്യമിടുന്നത്.  വനിത ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍  യൂണിറ്റും  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും  സംയുക്തമായാണ് ഈപദ്ധതി നടപ്പാക്കുന്നത്.  കുട്ടികളില്ലാത്ത ദമ്പതികള്‍,  കുട്ടികളുടെ മാതാപിതാക്കള്‍  തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.  ജില്ലാ ശിശു  സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.  മാനദണ്ഡ പ്രകാരം അനുയോജ്യമെന്നു ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക്  കൗണ്‍സിലിംഗിനും  കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കും അവസരമുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവു പ്രകാരമായിരിക്കും  താല്‍ക്കാലികമായി കുട്ടികളെ നല്‍കുന്നത്.

താല്‍പര്യമുള്ളവര്‍ക്ക് 2020 മാര്‍ച്ച് 16 ന് വൈകുന്നേരം 5 മണിക്കു മുന്‍പായി തലശ്ശേരി  മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 04902326199 എന്ന നമ്പറില്‍ ബന്ധപ്പെടാം.