ജില്ലയ്ക്ക് ഇനി ശീതീകരിച്ച സഞ്ചരിക്കുന്ന പച്ചക്കറി വണ്ടിയും

post

തൃശൂര്‍ : ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സഞ്ചരിക്കുന്ന പഴം, പച്ചക്കറി വണ്ടി അയ്യന്തോള്‍ കോര്‍പ്പറേഷന്‍ ഇ കെ മേനോന്‍ സ്മാരക പ്രിയദര്‍ശിനി ഹാള്‍ പരിസരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രാരംഭഘട്ടത്തില്‍ നഗരപരിധിയിലെ ഫ്‌ളാറ്റുകളിലും, റെസിഡന്റ്സ് കോളനികളിലൂമാണ് വണ്ടിയുടെ സേവനം ലഭ്യമാവുക. നാല് ദിവസം വരെ കേടാകാതെ ഫ്രഷായി പച്ചക്കറികള്‍ ഈ വണ്ടിയില്‍ സൂക്ഷിക്കാന്‍ കഴിയും. സൗരോര്‍ജ്ജം വിനിയോഗിച്ചാണ് ഈ വണ്ടിയിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴില്‍ കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്ട് ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന് വേണ്ടി ബംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ റിസര്‍ച്ചാണ് വണ്ടി രൂപകല്‍പന ചെയ്തത്.
ഫ്‌ളാറ്റുകളിലും റെസിഡന്റ്സ് കോളനികളിലും മട്ടുപ്പാവിലും ഉദ്യാനങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറികളും, ഇല വര്‍ഗ്ഗങ്ങളും, കിഴങ്ങുവര്‍ഗങ്ങളും, പഴങ്ങളും വീടുകളിലെ ആവശ്യം കഴിഞ്ഞവ ഈ യൂണിറ്റ് വഴി വിപണനം ചെയ്യാനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ജീവനി പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീടുകളില്‍ നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. വണ്ടി സഞ്ചരിക്കുന്ന വഴികള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും. നഗര പരിധിയില്‍ വിജയിച്ചാല്‍ പദ്ധതി പഞ്ചായത്ത് തലത്തിലും വിന്യസിപ്പിക്കും. മേയര്‍ അജിത വിജയന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, ഹോര്‍ട്ടികോര്‍പ് ജനറല്‍ മാനേജര്‍ രജത വി തുടങ്ങിയവര്‍ പങ്കെടുത്തു.