ഇനി ചായ കുടിച്ചു പരാതി പറയാം : കൊടുങ്ങല്ലൂരില്‍ പൊതുജനങ്ങള്‍ക്കായി പോലീസ് കാന്റീന്‍

post

തൃശൂര്‍ : കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയാല്‍ ഇനി പരാതി മാത്രമല്ല, നല്ല ഭക്ഷണവും കഴിക്കാം. പൊതുജനങ്ങള്‍ക്കും പരാതിക്കാര്‍ക്കും മിതമായ നിരക്കില്‍ മായം കലരാത്ത ഭക്ഷണം നല്‍കാന്‍ സ്റ്റേഷനില്‍ കാന്റീന്‍ ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ പോലീസ്. സ്റ്റേഷനിലെ പൊലീസുകാര്‍ക്കായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന മെസ്സാണ് കാന്റീനായി മാറിയത്. ചുരുങ്ങിയ നിരക്കില്‍ ചായയും ചെറുകടിയും ഉച്ചഭക്ഷണവുമുള്‍പ്പടെയാണ് ഒരുക്കിയിരിക്കുന്നത്. ഈയിടെ അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഷന്‍ നവീകരിച്ചതിനെ തുടര്‍ന്നാണ് കാന്റീന്‍ എന്ന ആശയം ഉടലെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ പത്മരാജന്റെയും, എസ്.ഐ ഇ.ആര്‍ ബൈജുവിന്റെയും നേതൃത്വത്തിലാണ് കാന്റീന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഊഴമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. വിഭവങ്ങള്‍ നിശ്ചയിക്കുന്നതും ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതും ഇവരുടെ ചുമതലയാണ്. പോലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും നിലവാരമുള്ള ഭക്ഷണം വിളമ്പുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. സ്‌നേഹത്തോടെ ഭക്ഷണം വിളമ്പാനും പൊലീസുകാര്‍ക്ക് കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യമാവാനാണ് ഇവരുടെ ശ്രമം. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കാന്റീന്‍ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.