നിലയ്ക്കാത്ത ഓര്‍മകളുമായി

post

കൊല്ലം : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി യുവക്ലബ്ബുകളുടെ സഹകരണത്തോടെയാണ് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ മത്സരം നടന്നത്. മത്സരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍ മോഹനന്‍  ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രദീപ് അധ്യക്ഷനായി.
അഞ്ച് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനം ശാസ്താംകോട്ട മനക്കര യുവക്ലബ്ബും രണ്ടാം സ്ഥാനം വെളിയം മണികണ്ഠേശ്വരം യുവക്ലബ്ബും മൂന്നാം സ്ഥാനം കൈതകോട് യുവക്ലബ്ബും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മുന്‍ മേയര്‍ അഡ്വ വി രാജേന്ദ്രബാബു വിതരണം ചെയ്തു. വിജയികള്‍ക്ക് കലാഭവന്‍മണിയുടെ ചരമദിനമായ മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, യൂത്ത് കോര്‍ഡിനേറ്റര്‍ ആര്‍ സന്ധ്യ, കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് യൂത്ത് കമ്മിറ്റി കണ്‍വീനര്‍ ഡി ഷൈന്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു