ലൈഫ് മിഷന്‍; രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം ആഘോഷമാക്കി കോട്ടയം

post

കോട്ടയം : ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആഘോഷമായി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രഷണം നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും പ്രാദേശികതല പ്രഖ്യാപനം നിര്‍വഹിച്ചു. ലൈഫ് വീടിനു മുന്നില്‍നിന്നെടുത്ത ഫോട്ടോകളുമായാണ് ഗുണഭോക്താക്കള്‍ സംഗമത്തിനെത്തിയത്. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കുചേര്‍ന്നു. ലൈഫ് മിഷനിലൂടെ നാട്ടിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി പൂര്‍ത്തീകരണപ്രഖ്യാപനം നടത്തി. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ താക്കോല്‍ ദാനം നടത്തി.
ഡോ. എന്‍. ജയരാജ് എം.എല്‍.എ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ഈരാറ്റുപേട്ട നഗരസഭയില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ് എം.എല്‍.എ പങ്കെടുത്തു.  ചെയര്‍മാന്‍ വി.എം സിറാജ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. കോട്ടയം മുനിസിപ്പാലിറ്റിയിലെ സംഗമം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന പ്രഖ്യാപനം നടത്തി. വൈക്കം, പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ മുനിസിപ്പല്‍ അധ്യക്ഷരായ ബിജു വി.കണ്ണേഴത്ത്, മേരി ഡൊമിനിക്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോര്‍ജ്ജ് പുല്ലാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.