സാമൂഹ്യ പ്രതിരോധ ദിനം ആചരിച്ചു

post

കാസര്‍ഗോഡ്  : ആരും കുറ്റവാളികളായി ജനിക്കുന്നില്ലെന്നും ഒരാളുടെ ജീവിത സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കുന്നതെന്നും ജില്ല സെഷന്‍സ് ജഡ്ജ് ഡി. അജിത്ത് കുമാര്‍. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദരസൂചകമായി ജില്ലാ പ്രോബേഷന്‍ ഓഫീസ്  സംഘടിപ്പിച്ച സാമൂഹ്യ പ്രതിരോധ വാരാചരണവും ജില്ലാതല സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല കുറ്റവാളികള്‍. അവര്‍ക്കും എല്ലാവരെയും പോലെ അവകാശങ്ങള്‍ ഉണ്ട്. അവരെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാമൂഹ്യ മാനസിക സാഹചര്യങ്ങളില്‍ മാറ്റം വരുത്തി അവരെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ ബി.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. 'പ്രൊബേഷന്‍: ആധുനിക കാലത്തെ ശിക്ഷാ സമ്പ്രദായവും സാമൂഹ്യ പ്രതിരോധ സംവിധാനവും' എന്ന വിഷയത്തില്‍ മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.വി.ജയരാജന്‍ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ നിയമ സഹായ അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ.ദിനേഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ.ബിന്ദു, കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് എന്‍. ഗിരീഷ് കുമാര്‍, ചീമേനി തുറന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വി.ആര്‍ കൃഷ്ണയ്യരെക്കുറിച്ചുള്ള ഡോക്ക്യുമെന്ററിയായ 'ലൈഫ് ഓഫ് സാഗ' യുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിപാടിയില്‍ കെ.ദിലീപ് സ്വാഗതവും പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സലാവുദ്ധീന്‍ നന്ദിയും പറഞ്ഞു.