ഒരാള്‍പോലും പട്ടിണിയിലല്ലെന്ന് ജനകീയ ഹോട്ടല്‍ ഉറപ്പാക്കും: മന്ത്രി തോമസ് ഐസക്

post

ആലപ്പുഴ: സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് വിശപ്പുരഹിത കേരളം പദ്ധതിയെന്ന് ധനകാര്യ-കയ മന്ത്രി ഡോ.ടി എം തോമസ് ഐസക്. ആഗോള പട്ടിണിസൂചികയില്‍ നൂറിലേറെ സ്ഥാനങ്ങള്‍ പിന്നിലായി ഗുരുതരമായവിധം പട്ടിണി നേരിടുന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ് ഈ നേട്ടം കൈവരിക്കുന്നതെന്നത് അത്യന്തം അഭിമാനകരമാണ്. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഓണത്തിനുമുമ്പ് സംസ്ഥാനത്ത് 25 രൂപയ്ക്ക് നല്ല ഊണ് ലഭിക്കുന്ന ആയിരം ജനകീയ ഹോട്ടലുകള്‍ ഗ്രാമ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ആരംഭിക്കും. സന്നദ്ധ സംഘടനകള്‍,ധര്‍മ്മസ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെ ഈ വര്‍ഷം അവസാനിക്കും മുമ്പ് 5000 ജനകീയ ഹോട്ടലുകള്‍ തുറക്കുന്നതോടെ പട്ടിണി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത പദ്ധതിയിലെ ആദ്യ ജനകീയ ഹോട്ടല്‍  മണ്ണഞ്ചേരി ബസ്സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തോമസ് ഐസക്. എല്ലാ ജനകീയ ഹോട്ടലുകളിലും ഭക്ഷണകൂപ്പണിന്റെ 10% സൗജനയമായിരിക്കും. ആവശ്യക്കാര്‍ക്കു ഇതുപയോഗിച്ച് സൗജന്യമായി ഭക്ഷണം ലഭ്യമാകും. വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളിലെന്ന പോലെ ഭക്ഷണകാര്യത്തിലും സാധാരണക്കാരില്‍ സാധാരണക്കാരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രഖ്യാപനവും മണ്ണഞ്ചേരി പഞ്ചായത്തിന്റെ ചരിത്രവും പൈതൃകവും ആഖ്യാനം ചെയ്യുന്ന 'എന്റെ ഗ്രാമം' ഡോക്യുമെന്ററിയുടെ പ്രകാശനവും അണിയറപ്രവര്‍ത്തകരെ ആദരിക്കലും അദ്ദേഹം നിര്‍വ്വഹിച്ചു.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ് അധ്യക്ഷത വഹിച്ചു.
ഷെയര്‍ മീല്‍സ് ഉദ്ഘാടനം എ എം ആരിഫ് എം പി നിര്‍വ്വഹിച്ചു. പട്ടിണിയേറിയ രാജ്യത്തിന് മാര്‍ഗദര്‍ശകമാണ്  സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യാതിഥിയായി. വിപ്ലവഗായിക പി കെ മേദിനി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, അംഗം പി എ ജുമൈലത്ത്,സി ഡി എസ് ചെയര്‍പേഴ്സണ്‍ പി ധനലക്ഷ്മി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.
25 രൂപ നല്‍കാനില്ലാത്തവര്‍ക്കും ജനകീയ ഹോട്ടലില്‍ ഊണ് കഴിക്കാനാകും. ഹോട്ടലിന് മുന്നിലുള്ള ബോര്‍ഡില്‍ ഷെയര്‍ മീല്‍സ് ടോക്കണുകള്‍ ഉണ്ടാകും. ഈ ടോക്കണ്‍ എടുത്ത് നല്‍കിയാല്‍ കാശില്ലാത്തവര്‍ക്ക് ഫ്രീയായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാന്‍ താത്പര്യമുള്ളവര്‍ക്ക് 25 രൂപ നല്‍കി ഷെയര്‍ മീല്‍സ് ടോക്കണ്‍ വാങ്ങി ബോര്‍ഡില്‍ സ്ഥാപിക്കാവുന്നതാണ് ഇത് നിരവധി പേര്‍ക്ക് സഹായകരമാകും.രണ്ടുവര്‍ഷമായി മണ്ണഞ്ചേരിയില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്ന പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയില്‍ പാചകം ചെയ്താണ് ജനകീയ ഹോട്ടലില്‍ ഭക്ഷണം എത്തിക്കുക. കോമണ്‍ കിച്ചണ്‍ എന്ന ആശയമാണ് ഇതിനു പിന്നില്‍. ചോറ്, മീന്‍ചാറ് , സാമ്പാര്‍, മോര്, തോരന്‍, അച്ചാര്‍ എന്നിവയടങ്ങിയതാണ് ഊണ്. സ്‌പെഷ്യല്‍ വേണ്ടവര്‍ക്ക് അതുമുണ്ടാകും. അതിന് പ്രത്യേകം പണം നല്‍കണം.