സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതി : ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം മാര്‍ച്ച് 28ന് തൃശൂരില്‍

post

തൃശൂര്‍ : കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട പ്രഖ്യാപനവും മാര്‍ച്ച് 28ന് രാവിലെ 11.30 ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷണല്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണവകുപ്പ് മന്ത്രി കടംകപിള്ളി സുരേന്ദ്രന്‍ അറിയിച്ചതാണിത്. കെയര്‍ ഹോം പൂര്‍ത്തീകരണ പ്രഖ്യാപനം വിപുലമായി നടത്താനുളള പ്രാഥമിക ആലോചന യോഗം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു.
കെയര്‍ ഹോം പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍പേരെയും ചടങ്ങില്‍ ആദരിക്കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അറിയിച്ചു. വീടുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായ 842 സഹകരണ സംഘങ്ങള്‍, പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നല്‍കിയ കില, കേപ്പ്, എഞ്ചിനീയറിംങ് കോളേജുകള്‍, യുഎല്‍സിസിഎസ്, നിര്‍മ്മിതി, കോസ്റ്റ്‌ഫോര്‍ഡ് എന്നീ സ്ഥാപനങ്ങളെ ആദരിക്കും. കെയര്‍ ഹോം പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, പ്രഥമ ശുശ്രൂഷാ കിറ്റ്, വെള്ളം കയറാത്ത ഫയല്‍ഫോള്‍ഡര്‍ എന്നിവ വിതരണം ചെയ്യും. കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു.
2018 ലേത് സമാനതകളില്ലാത്ത പ്രളയമായിരുന്നുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. 31,000 കോടിയാണ് കേരളത്തിന് പ്രളയത്തിലൂടെ നഷ്ടമായത്. 13,000 വീടുകള്‍ തകര്‍ന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഡിപ്പാര്‍മെന്റുകളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും സഹായം ലഭിച്ചു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പല സംഘടനകളും മികച്ച രീതിയില്‍ സഹകരിച്ചു. അങ്ങനെയാണ് സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി വന്‍ വിജയമായതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്താകമാനം 2086 വീടുകളാണ് കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ചത്. സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കളക്ടര്‍ എസ് ഷാനവാസ്, കോര്‍പ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റാര്‍ ഡോ. പി കെ ജയശ്രീ, മേയര്‍ അജിതാ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സംഘം പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കെയര്‍ ഹോമില്‍ പൂര്‍ത്തിയാകുന്നത് 2086 വീടുകള്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കെയര്‍ ഹോം. സംസ്ഥാനത്ത് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 2000 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. 2000 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 2086 വീടുകളില്‍ എത്തി നില്‍ക്കുകയാണ്. 1952 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും, 8 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറ്റത്തിന് സജ്ജമാകുകയും 86 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ മാത്രം കെയര്‍ ഹോമിന്റെ നേതൃത്വത്തില്‍ 500 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 494 വീടുകള്‍ വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. ആറ് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഓരോ ജില്ലയിലെയും കളക്ടര്‍മാരാണ് കെയര്‍ ഹോം പദ്ധതിക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നുള്ള തുക സമാഹരിച്ചാണ് വീടുനിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തിയത്. കെയര്‍ ഹോമിന്റെ രണ്ടാം ഘട്ടത്തില്‍ 2019 ലെ പ്രളയദുരന്തത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട മലപ്പുറം, വയനാട് ജില്ലകളിലെ ഗുണഭോക്താക്കളെയാണ് പ്രധാനമായും പരിഗണിക്കുക.