നെല്ലുല്‍പ്പാദന രംഗത്ത് കേരളത്തിന് നേട്ടം : മന്ത്രി വി.എസ്.സുനില്‍ കുമാര്‍

post

തൃശൂര്‍ : നെല്ലുല്‍പ്പാദന രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. മുല്ലശ്ശേരി മാടക്കാക്കല്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം അമ്പതിനായിരം മെട്രിക് ടണ്‍ അരി ഉല്‍പ്പാദിപ്പിച്ചെന്നും കൂടുതല്‍ ഉല്‍പ്പാദന മികവിനായി നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതുവരെ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ ഒരു ഹെക്ടറിന് 2000 രൂപ 'റോയല്‍ട്ടി' എന്ന ആനുകൂല്യത്തിന് പുതിയ ബഡ്ജറ്റില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്നും മന്ത്രി അറിയിച്ചു. മാടക്കാക്കല്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്പാനോട് കൂടിയ ബോക്‌സ് കള്‍വര്‍ട്ടിന്റെ നിര്‍മ്മാനം പൂര്‍ത്തീകരിക്കുന്നതോടെ കോള്‍പ്രദേശത്തേക്ക് എത്തുന്ന വെള്ളം കര്‍ഷകര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ പൊന്നാനി കോള്‍ വികസന പദ്ധതിയുടെ സേവിംഗ്‌സ് തുക കോള്‍ മേഖലയില്‍ തന്നെ ഉപയോഗിക്കും. ഇതിനായി നബാര്‍ഡിന്റെ സഹായത്തോടെ ചെമ്മീന്‍ ചാലിനെയും മുല്ലശ്ശേരി കനാലിനെയും ബന്ധിപ്പിക്കുന്ന മാടക്കാക്കലില്‍ 1.06 കോടി രൂപയുടെ ധനസഹായത്തോടെ ആറ് മീറ്ററില്‍ മൂന്ന് സ്പാനോടു കൂടിയ ബോക്‌സ് കള്‍വര്‍ട്ട് (പാലം) നിര്‍മ്മിക്കും. 5.60 മീറ്റര്‍ വീതിയിലുംനാല് മീറ്റര്‍ ഉയരത്തിലുമാണ് പാലം നിര്‍മ്മിക്കുക. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കര്‍ഷകര്‍ക്ക് ചിമ്മിനി ഡാമില്‍ നിന്നും വടക്കന്‍ കോള്‍ മേഖലയില്‍ എത്തിച്ചേരുന്ന ജലം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. വര്‍ഷക്കാലത്ത് അധികമായി വരുന്ന ജലം സുഗമമായി ഒഴുകി പോകുന്നതിനും താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടില്‍ നിന്നും ഒഴിവാക്കി ജനജീവിതം സുഗമമാക്കാനും ഇതിലൂടെ കഴിയും.
മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി. മാനേജിംഗ് ഡയറക്ടര്‍ പി എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രന്‍, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ഉണ്ണികൃഷ്ണന്‍, മിനി മോഹന്‍ദാസ്, ഇന്ദുലേഖ ബാജി, മുല്ലശ്ശേരി ഗ്രാമ പഞ്ചയത്ത് മെമ്പര്‍ ടിജി പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.