ദുരിതങ്ങള്‍ അകന്നു ; ജാനകിയമ്മയ്ക്ക് തണലായി വീട്

post

വയനാട് : കാറ്റിലും മഴയിലും വീഴാത്ത അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു ജാനകിയമ്മയുടെ സ്വപ്നം. ഷീറ്റ് മറച്ച ഒറ്റ മുറി വീടിനുള്ളില്‍ രാത്രി കാലങ്ങളില്‍ പേടിയോടെ കഴിഞ്ഞിരുന്ന ജാനകിയമ്മയ്ക്കും മകള്‍ക്കും ഇനി ആശ്വാസത്തിന്റെ തണല്‍. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെയാണ് പടിഞ്ഞാറത്തറ നരിപ്പാറയിലെ 85 കാരി ജാനകിയമ്മയ്ക്ക് വീടായത്. മഴക്കാലത്ത് വീടിനുള്ളില്‍ തനിച്ച് താമസിക്കാന്‍ സാധിക്കാത്തതിനാല്‍ ജാനകിയമ്മ മകളെയും പേരമകളെയും കൂട്ടി ബന്ധുവീടുകളിലാണ് ഇതുവരെയും അഭയം തേടിയിരുന്നത്. 45 വര്‍ഷം മുമ്പ് ജാനകിയമ്മയുടെ ഭര്‍ത്താവ് കരുണാകരന്‍ മരിച്ചതിന് ശേഷം കൂലിപ്പണി ചെയ്താണ് 3 പെണ്‍മക്കളെയും വളര്‍ത്തി വിവാഹം നടത്തിയത്. അപ്പോഴും സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്നത് ചിന്തിക്കാന്‍ പോലുമായിരുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഇളയ മകളെയും പേരക്കുട്ടിയും ജാനകിയമ്മയ്‌ക്കൊപ്പമുണ്ട്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കൂടി വന്നതോടെ ഒരു വീട് എന്ന പ്രതീക്ഷ വീണ്ടും നീണ്ടു പോയി. അതിനിടയിലാണ് ലൈഫ് മിഷനില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കാന്‍ ലൈഫ് മിഷന്‍ പദ്ധതി വരുന്നത്. പഞ്ചായത്തില്‍ അപേക്ഷിച്ചതോടെ പരിഗണിക്കപ്പെട്ടു. ചിരകാല ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് ജാനകിയമ്മയും കുടുംബവും. സുരക്ഷിതമായ വീടിനൊപ്പം വാര്‍ദ്ധക്യ പെന്‍ഷന്‍ കൂടി ലഭ്യമാകുന്നതോടെ പ്രാരാബ്ദങ്ങള്‍ക്കെല്ലാം താത്കാലിക അറുതിയായി.