ജലദൗര്‍ലഭ്യത്തിനു കാരണം ജലത്തിന്റെ അശാസ്ത്രീയ പരിപാലനം :മന്ത്രി വി. എസ് സുനില്‍ കുമാര്‍

post

കായംകുളം : വര്‍ഷം 4300 മില്ലി ലിറ്ററോളം മഴ ലഭിക്കുമ്പോളും സംസ്ഥാനം വരള്‍ച്ച നേരിടുന്നതിനു പ്രധാന കാരണം ജലത്തിന്റെ അശാസ്ത്രീയ പരിപാലനമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.  കേരളത്തില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കവും വേനലില്‍ വരള്‍ച്ചയും സാധാരണമായി കൊണ്ടിരിക്കുകയാണ്. വരള്‍ച്ചയെ നേരിടാന്‍ ജലഗമന നിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കണമെന്നും മന്ത്രി പറഞ്ഞു.   കൃഷി വകുപ്പ് ആര്‍. ഐ. ഡി. എഫ് പദ്ധതി വഴി നവീകരിച്ച ദേവികുളങ്ങര ക്ഷേത്രക്കുളം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടുമ്പോള്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. സംസ്ഥാനമൊട്ടാകെ ജല സ്രോതസുകള്‍ക്ക് പുതുജീവനേകാന്‍ മികവുറ്റ പ്രവര്‍ത്തനമാണ് കെ. എല്‍. ഡി. സി  (കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ) നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചയെ തടയാന്‍ നാട്ടിലെ വലുതും ചെറുതുമായ ഓരോ ജല സ്രോതസുകളും സംരക്ഷിക്കപ്പെടണം, കുളം, തണ്ണീര്‍ തടങ്ങള്‍, നീര്‍ച്ചാലുകള്‍, പാടശേഖരങ്ങള്‍ തുടങ്ങിയ ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധം സമൂഹത്തില്‍ രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ യൂ. പ്രതിഭ എം. എല്‍. എ അധ്യക്ഷയായി. കൃഷി വകുപ്പ് ആര്‍. ഐ. ഡി. എഫ് 22.പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54.62 ലക്ഷം രൂപ വകയിരുത്തിയാണ് കുളം നവീകരിച്ചത്. കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കിയ പദ്ധതി കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ ഭൂഗര്‍ഭ ജല സ്രോതസ്സിന്റെ പുനര്‍ ജീവനത്തിനും, കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും സഹായകമാകും. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവി, കെ. എല്‍. ഡി. സി. ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ പി. എസ് രാജീവ്, ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍, ഓണാട്ടുകര കാര്‍ഷിക സേവന കേന്ദ്രം വൈസ് ചെയര്‍മാന്‍ സുകുമാരപിള്ള തുടങ്ങിയവര്‍ സന്നിഹിതരായി.